ന്യൂദൽഹി- സർക്കാർ ഉദ്യോഗസ്ഥൻ ബലാത്സംഗം ചെയ്ത പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയും അവളുടെ അമ്മയേയും കാണാൻ അനുവദിക്കാത്തിനെ തുടർന്ന് ദൽഹി വനിതാ കമ്മീഷൻ (ഡിസിഡബ്ല്യു) അധ്യക്ഷ സ്വാതി മലിവാൾ ആശുപത്രിക്ക് പുറത്ത് തുറസ്സായ സ്ഥാലത്ത് കിടന്നുറങ്ങി. പോലീസ് കാണിക്കുന്നത് ഗുണ്ടായിസമാണെന്ന് അവർ ആരോപിച്ചു. ആശുപത്രയിൽ പ്രവേശിപ്പിച്ച 17 വയസ്സുള്ള പെൺകുട്ടിയെയും അമ്മയെയും കാണാൻ പോലീസ്അ നുവദിക്കാത്തത് എന്തുകൊണ്ടാണെന്ന് മലിവാൾ ചോദിച്ചു.
ദൽഹി പോലീസ് ഗുണ്ടായിസത്തിൽ മുഴുകുകയാണ്. പെൺകുട്ടിയെയോ അവളുടെ അമ്മയെയോ കാണാൻ അവർ എന്നെ അനുവദിക്കുന്നില്ല. ദൽഹി പോലീസ് എന്നിൽ നിന്ന് എന്താണ് മറയ്ക്കാൻ ആഗ്രഹിക്കുന്നതെന്നും എനിക്ക് മനസ്സിലാകുന്നില്ല. ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ ( പെൺകുട്ടിയുടെ അമ്മയെ കാണാൻ എൻസിപിസിആർ ചെയർപേഴ്സനെ അനുവദിച്ചതായി അവർ വാർത്താ ഏജൻസിയോട് പറഞ്ഞു.
എൻസിപിസിആർ ചെയർപേഴ്സന് അമ്മയെ കാണാൻ കഴിയുമ്പോൾ, എന്തുകൊണ്ടാണ് ഡിസിഡബ്ല്യു മേധാവിയെ അത് ചെയ്യാൻ അനുവദിക്കാത്തത്- സ്വതി മലിവാൾ ചോദിച്ചു. തിങ്കളാഴ്ച ഉച്ച മുതൽ ആശുപത്രിയിൽ കഴിയുന്ന മലിവാൾ ബലാത്സംഗത്തെ അതിജീവിച്ച പെൺകുട്ടിയെ കാണാതെ പോകില്ലെന്ന് പറഞ്ഞാണ് രാത്രിയും അവിടെ തന്നെ കഴിഞ്ഞത്.
അവൾക്ക് സാധ്യമായ എല്ലാ സഹായവും ലഭിക്കുന്നുണ്ടോ ഇല്ലയോ, അവൾക്ക് ശരിയായ ചികിത്സ ലഭിക്കുന്നുണ്ടോ ഇല്ലയോ എന്ന് എനിക്ക് അറിയണം-സ്വാതി മലിവാൾ പറഞ്ഞു.
2020 നവംബറിനും 2021 ജനുവരിക്കും ഇടയിൽ ദൽഹി സർക്കാരിന്റെ വനിതാ ശിശു വികസന വകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടർ പ്രേമോദയ് ഖാഖ പെൺകുട്ടിയെ ഒന്നിലധികം തവണ ബലാത്സംഗം ചെയ്തതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. 2020 ഒക്ടോബറിൽ പിതാവ് മരിച്ചതിനെത്തുടർന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രതിയുടെ വീട്ടിൽ അമ്മ എന്ന് വിളിക്കുന്ന കുടുംബ സുഹൃത്തിനൊപ്പം താമസിച്ചു വരികയായിരുന്നു. .
അമ്മ കാണാൻ വന്നപ്പോൾ പെൺകുട്ടി അമ്മയോടൊപ്പം വീട്ടിലേക്ക് മടങ്ങി. അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്നാണ് പെൺകുട്ടിയെ അമ്മ ആശുപത്രിയിൽ പ്രവേശിപ്പിച്ചുത്. 12-ാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി കൗൺസിലിംഗ് സെഷനിലാണ് മുഴുവൻ സംഭവവും വിവരിച്ചത്. തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ശേഷം ഖാഖയെയും ഭാര്യയെയും അറസ്റ്റ് ചെയ്തു.
അതിനിടെ, അറസ്റ്റിന്റെ വിശദാംശങ്ങൾക്കൊപ്പം എഫ്‌ഐആറിന്റെ പകർപ്പ് നൽകാൻ ഡിസിഡബ്ല്യു ദൽഹി പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഉദ്യോഗസ്ഥനെതിരെ ദൽഹി സർക്കാർ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്.
ഉദ്യോഗസ്ഥനെതിരെ മുൻകാലങ്ങളിൽ നൽകിയ പരാതികളുടേയും അതുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികളുടേയും വിശദാംശങ്ങളും കമ്മീഷൻ ആരാഞ്ഞു. ബുധനാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാൻ ദൽഹി പൊലീസിനോടും സിറ്റി സർക്കാരിനോടും നിർദേശിച്ചിട്ടുണ്ട്.