കൊച്ചി- പ്രമുഖ മാട്രിമോണി സ്ഥാപനത്തിന്റെ പേരിനു സാദൃശ്യമുള്ള പേരില്‍ തട്ടിപ്പ് നടത്തി ആളുകളെ കബളിപ്പിച്ചയാള്‍ പിടിയില്‍. മുളവൂര്‍ ജോണ്‍പടി ഭാഗത്ത് പാറത്താഴത്ത് വീട്ടില്‍ ഉമേഷ് മോഹന്‍ (22)നെയാണ് മുവാറ്റുപുഴ പോലീസ് ഇന്‍സ്പെക്ടര്‍ പി. എം. ബൈജുവിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.
വാഴപ്പിള്ളിയില്‍ പ്രവര്‍ത്തിച്ചിരുന്ന മാട്രിമോണി സ്ഥാപനത്തിന്റെ മറവില്‍ ഒട്ടനവധി അവിവാഹിതരായ യുവാക്കളെയാണ് ഇയാള്‍ കബളിപ്പിച്ച് പണം തട്ടിയത്. പ്രതിക്കെതിരെ നിരവധി പരാതികള്‍ ലഭിച്ചിരുന്നു. ഇയാള്‍ റോയ്, ഷാനവാസ്, മാത്യു എന്നീ പേരുകളില്‍ ഇടപഴകി അവിവാഹിതരായ യുവാക്കളെ വിവിധ സ്ത്രീകളുടെ ചിത്രങ്ങളും മറ്റു വിവരങ്ങളും നല്‍കി ബന്ധപ്പെട്ടിരുന്നു.
പത്രപരസ്യം നല്‍കി സംസ്ഥാനത്ത് ഉടനീളം ഉള്ള യുവാക്കളെ രജിസ്റ്റര്‍ ചെയ്യിക്കുന്ന പ്രതി വിവാഹങ്ങളൊന്നും നടത്തിയട്ടില്ല. പെണ്ണ്കാണല്‍ എന്ന പേര് പറഞ്ഞ് പ്രതി ഗൂഗിള്‍ പേ വഴി പണം കൈപ്പറ്റുകയായിരുന്നു. വിവിധ സമൂഹമാധ്യമങ്ങളില്‍ നിന്ന് സ്ത്രീകളുടെ ചിത്രങ്ങള്‍ ശേഖരിച്ച് അത് അവിവാഹിതര്‍ക്ക് അയച്ചു നല്‍കിയിരുന്നു.
പ്രതിയെ പിടികൂടിയ അന്വേഷണസംഘത്തില്‍ എസ്. ഐ മാഹിന്‍ സലിം, സീനിയര്‍ സി. പി. ഓമാരായ പി. എ. ഷിബു, ബിബില്‍ മോഹന്‍ എന്നിവര്‍ ഉണ്ടായിരുന്നു.