തിരുവനന്തപുരം- വി.എസ്.എസ്.സി പരീക്ഷാ തട്ടിപ്പിനെ കുറിച്ച് തിരുവനന്തപുരം മ്യൂസിയം പോലീസിന് രഹസ്യ സന്ദേശം ലഭിച്ചത് ഹരിയാനയില്‍നിന്ന്. ഫോണ്‍കോളിലൂടെയാണ് പോലീസിന് വിവരം ലഭിച്ചത്. ഹെഡ്‌സെറ്റും ഫോണും ഉപയോഗിച്ച് പരീക്ഷ എഴുതാന്‍ ശ്രമമുണ്ടാകുമെന്നായിരുന്നു സന്ദേശം.
കോച്ചിംഗ് സെന്ററുകളുടെ കിടമത്സരം രഹസ്യം ചോര്‍ത്തിയതെന്നാണ് നിഗമനം. സന്ദേശത്തെ തുടര്‍ന്ന് പരീക്ഷാ കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയിലാണ് രണ്ട് ഹരിയാന സ്വദേശികളെ പിടികൂടിയത്. സന്ദേശത്തില്‍ പറഞ്ഞിരുന്നതു പോലെ, ഹെഡ്‌സെറ്റും മൊബൈല്‍ഫോണും വെച്ചായിരുന്നു കോപ്പിയടി. ചോദ്യപേപ്പര്‍ ഫോട്ടോ എടുത്ത് അയച്ച ശേഷം പുറത്ത് നിന്ന് ഹെഡ്‌സെറ്റ് വഴി ഉത്തരം നല്‍കുകയായിരുന്നു.
സുമിത് കുമാര്‍, സുനില്‍ എന്നീ അപേക്ഷകരുടെ പേരില്‍ മറ്റ് രണ്ട് പേരാണ് പരീക്ഷ എഴുതാന്‍ എത്തിയത്. ഐ.എസ്.ആര്‍.ഒയുടെ കീഴിലുള്ള വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍ (വി.എസ്.എസ്.സി) രാജ്യവ്യാപകമായി നടത്തിയ പ്ലസ് ടു യോഗ്യതയുള്ള ടെക്‌നീഷ്യന്‍ പരീക്ഷയിലാണ് ആള്‍മാറാട്ടവും കോപ്പിയടിയും നടന്നത്.