ന്യൂദല്‍ഹി- കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ ഇടം ലഭിക്കാതെ പോയ അസംതൃപ്തരുമായി ദേശീയ നേതൃത്വം നേരിട്ട് സംസാരിക്കും. കേരളത്തില്‍ നിന്നുള്ള രമേശ് ചെന്നിത്തലയടക്കമുള്ള നേതാക്കളുമായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഉള്‍പ്പെടെയുള്ളവര്‍ സംസാരിക്കുമെന്ന് ഹൈക്കമാന്‍ഡ് വൃത്തങ്ങള്‍ പറഞ്ഞു. ഇതിനായി ഇത്തരം നേതാക്കളെ ദല്‍ഹിയിലേക്ക് വിളിച്ചുവരുത്തും.
രമേശ് ചെന്നിത്തലയെ സ്ഥിരം ക്ഷണിതാവായി സമിതിയില്‍ ഉള്‍പ്പെടുത്തിയെങ്കിലും 39 അംഗ സമിതിയില്‍ ഇടം ലഭിച്ചില്ല. കേരളത്തില്‍ നിന്ന് ശശി തരൂരിനാണ് അവസരം ലഭിച്ചത.് മോഹിച്ചിരുന്ന സ്ഥാനം ലഭിക്കാതെ പോയതില്‍ രമേശ് ചെന്നിത്തലക്ക് കടുത്ത അതൃപ്തിയുണ്ട്.
സമിതിയില്‍ തങ്ങളെ അവഗണിച്ചുവെന്ന വികാരം തെലങ്കാനയിലെ പാര്‍ട്ടി നേതാക്കള്‍ക്കുമുണ്ട്. തൊട്ടടുത്തുള്ള ആന്ധ്രാപ്രദേശില്‍നിന്ന് നാലുപേര്‍ സമിതിയില്‍ ഇടംപിടിച്ചപ്പോള്‍ രണ്ടു തെലങ്കാന നേതാക്കള്‍ക്ക് ക്ഷണിതാക്കളായി മാത്രമാണ് സമിതിയിലെത്താനായത്. അതോടൊപ്പം പിന്നാക്ക വിഭാഗക്കാരായ നേതാക്കള്‍ക്ക് മതിയായ പ്രാതിനിധ്യം ലഭിച്ചില്ലെന്ന പരാതിയും ഉയര്‍ന്നുവരുന്നുണ്ട്. പരാതിയുമായി ഒഡീഷയില്‍ നിന്നുള്ള നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇത്തരം നേതാക്കളുമായി സംസാരിക്കാന്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം തന്നെ തയാറായത്. പരാതിക്കാരെയെല്ലാം ഒറ്റയ്‌ക്കോ കൂട്ടായോ വിളിച്ചു വരുത്താനാണ് പാര്‍ട്ടി തീരുമാനം. ചില നേതാക്കളെ സംസ്ഥാനത്തിന്റെ ചുമതലയുള്ള ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ നേരിട്ട് കണ്ടും സംസാരിക്കും.