Sorry, you need to enable JavaScript to visit this website.

റഫാല്‍ ഇടപാടില്‍ മോഡി കള്ളം പറയുന്നു; കളത്തിലിറങ്ങി ആന്റണി

ന്യൂദല്‍ഹി- റഫാല്‍ യുദ്ധ വിമാന ഇടപാടില്‍ വില വെളിപ്പെടുത്തുന്നതിനു വിലക്കുണ്ടെന്ന് പറഞ്ഞ് കേന്ദ സര്‍ക്കാര്‍ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍പ്രതിരോധ മന്ത്രിയുമായ എ.കെ. ആന്റണി. 2008ല്‍ യു.പി.എ സര്‍ക്കാരിന്റെ കാലത്തു ഫ്രാന്‍സുമായി ഒപ്പിട്ട കരാറില്‍ വില പുറത്തുവിടുന്നത് വിലക്കുന്ന വ്യവസ്ഥയുണ്ടെന്നു പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ ലോക്‌സഭയില്‍ നടത്തിയ പ്രസ്താവന ശരിയല്ലെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സഭയെ തെറ്റിദ്ധരിപ്പിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും പ്രതിരോധ മന്ത്രിക്കുമെതിരെ അവകാശലംഘനത്തിനു നോട്ടീസ് നല്‍കാനും വസ്തുതകള്‍ തുറന്നുകാട്ടി പ്രചാരണം നടത്താനുമാണ് കോണ്‍ഗ്രസ് നീക്കം.
റഫാല്‍ ഇടപാട് സംബന്ധിച്ച വ്യാജ പ്രസ്താവന നടത്തി പ്രതിരോധ മന്ത്രിയും മോദിയും പാര്‍ലമെന്റിനെയും രാജ്യത്തെയും തെറ്റിദ്ധരിപ്പിച്ചുവെന്ന് ആന്റണി പറഞ്ഞു. ഇടപാട് സ്വകാര്യ കമ്പനിക്കു കൈമാറാന്‍ സുരക്ഷകാര്യ മന്ത്രിതല സമിതിയെ പോലും മറികടന്ന് മോഡി സ്വന്തം നിലയില്‍ തീരുമാനമെടുത്തു. ഇതിനു പിന്നില്‍ വന്‍ അഴിമതിയുണ്ട്. 2008 ല്‍ ഫ്രാന്‍സുമായി  ഒപ്പിട്ട കരാര്‍ ആണു ബി.ജെ.പി സഭയില്‍ ഹാജരാക്കിയത്. 2008 ല്‍ റഫാലിനെ തിരഞ്ഞെടുത്തിട്ടു പോലുമില്ലെന്ന് ആന്റണി ചൂണ്ടിക്കാട്ടി.
റഫാല്‍ ഉള്‍പ്പെടെ ആറു കമ്പനികളാണ് ഇന്ത്യയ്ക്കു യുദ്ധ വിമാനങ്ങള്‍ ലഭ്യമാക്കാന്‍ രംഗത്തുണ്ടായിരുന്നത്. 2012 ലാണു റഫാലിനെ തിരഞ്ഞെടുത്തത്. ഇടപാട് തുക സംബന്ധിച്ച് ഇരുസര്‍ക്കാരുകളും ധാരണയിലെത്തിയെങ്കിലും പിന്നീട് ചില സാങ്കേതിക കാരണങ്ങളാല്‍ യാഥാര്‍ഥ്യമാക്കാനായില്ല. 126 റഫാല്‍ വിമാനങ്ങള്‍ക്കാണു യു.പി.എ സര്‍ക്കാര്‍ കരാറിലേര്‍പ്പെട്ടത്. വിമാനം വികസിപ്പിക്കുന്നതിനുള്ള സാങ്കേതിക വിദ്യ ഇന്ത്യയ്ക്കു കൈമാറുമെന്നും ധാരണയുണ്ടായിരുന്നു. എന്നാല്‍, ബിജെപി സര്‍ക്കാരിനു കീഴില്‍ കരാര്‍ 36 വിമാനങ്ങള്‍ക്കായി കുറച്ചു. സാങ്കേതികവിദ്യാ കൈമാറ്റം ഒഴിവാക്കുകയും ചെയ്തു. 
യു.പി.എ സര്‍ക്കാര്‍ ധാരണയിലെത്തിയതിനേക്കാള്‍ ഭീമമായ തുകയ്ക്കാണു മോഡി സര്‍ക്കാര്‍ റഫാല്‍ ഇടപാട് ഉറപ്പിച്ചത്. സമ്മതിച്ചത്.  റഫാല്‍ ഇടപാടിന്റെ വില പുറത്തുവിടുന്നതില്‍ എതിര്‍പ്പില്ലെന്നു ഫ്രാന്‍സ് അറിയിച്ചിട്ടും പ്രധാനമന്ത്രി മോഡി അതിനു തയാറാകാത്തത് ദുരൂഹമാണ്. യുദ്ധവിമാന നിര്‍മാണം എച്ച്എഎല്ലില്‍നിന്ന് എടുത്തുമാറ്റി ഈ മേഖലയില്‍ യാതൊരു മുന്‍പരിചയവുമില്ലാത്ത സ്വകാര്യ കമ്പനിക്കു കൈമാറിയതില്‍ കോടികളുടെ അഴിമതിയുണ്ടെന്നും ആന്റണി ആരോപിച്ചു.
 

Latest News