Sorry, you need to enable JavaScript to visit this website.

നാളെ ട്രാക്ടർ മാർച്ച് നടത്താനിരിക്കെ പഞ്ചാബിൽ 30 കർഷക നേതാക്കൾ അറസ്റ്റിൽ

ചണ്ഡീഗഡ്- പ്രളയബാധിതരായ കർഷകർക്ക് ആശ്വാസം തേടി ചൊവ്വാഴ്ച ചണ്ഡീഗഡിലേക്ക് ട്രാക്ടർ മാർച്ച് നടത്താനിരിക്കെ, പഞ്ചാബിൽ 30-ലധികം കർഷക യൂണിയൻ നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.

പഞ്ചാബിൽ നിന്ന് ഒമ്പത്, ഹരിയാനയിൽ നിന്ന് മൂന്ന്, ഉത്തർപ്രദേശ്, രാജസ്ഥാൻ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ നിന്ന് ഓരോന്ന് എന്നിങ്ങനെ പതിനാറ് കർഷക യൂണിയനുകളാണ് പ്രളയബാധിതരായ കർഷകർക്ക് ആശ്വാസം നൽകണമെന്ന ആവശ്യവുമായി ട്രാക്ടർ മാർച്ചിന് ആഹ്വാനം ചെയ്തത്. പഞ്ചാബിലെ കർഷക നേതാക്കളെ മാത്രമേ കസ്റ്റഡിയിൽ എടുക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടുള്ളൂ, മറ്റ് സംസ്ഥാനങ്ങളിൽ അത്തരം നടപടികളൊന്നും ഉണ്ടായിട്ടില്ലെന്ന് റിപ്പോർട്ടുകളിൽ പറയുന്നു.

കർഷക നേതാക്കൾ പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ് എന്നിവിടങ്ങളിലെ പോലീസ് ഉദ്യോഗസ്ഥരുമായും  പഞ്ചാബ് ഗവർണർ ബൻവാരി ലാൽ പുരോഹിതുമായും കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

ചർച്ചകൾ ഫലവത്തായില്ലെന്നും  വീടുകളിലേക്ക് മടങ്ങിയ കർഷക നേതാക്കളെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നും യൂണിയൻ നേതാക്കൾ പറഞ്ഞു. പഞ്ചാബിലെ നിരവധി കർഷക നേതാക്കളെ അറസ്റ്റ് ചെയ്യുകയും മറ്റു പലരെയും വീടുകളിൽ തടങ്കലിലാക്കുകയും ചെയ്തിരിക്കയാണ്.  പഞ്ചാബിലെ 16 ജില്ലകളിലുടനീളമുള്ള രണ്ട് ഡസൻ ടോൾ പ്ലാസകൾക്ക് സമീപം  പ്രതിഷേധം ആരംഭിച്ചതായും കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റി വക്താവ് (കെഎംഎസ്‌സി) ബൽജീന്ദർ സിംഗ് പറഞ്ഞു.

16 കർഷക യൂണിയനുകളുടെ കൺവീനറായ സർവാൻ സിംഗ് പന്ദർ, ബികെയു ഏക്താ ആസാദിന്റെ ജസ്‌വീന്ദർ സിംഗ്, ബികെയു ഭേർമകെയിലെ ബൽവന്ത് സിംഗ്, ബികെയു (ക്രാന്തികാരി)യിലെ സുഖ്‌വീന്ദർ സിംഗ് സബ്രഹാൻ എന്നിവരാണ് അറസ്റ്റിലായവരിൽ പ്രമുഖർ.

Latest News