Sorry, you need to enable JavaScript to visit this website.

മണിപ്പൂർ കലാപത്തിൽ ഇരകൾക്ക് നീതി; വനിതാ ജഡ്ജിമാരുടെ സമിതി സുപ്രീം കോടതിയിൽ റിപ്പോർട്ട് നൽകി

ന്യൂദൽഹി- മണിപ്പൂർ സംഘർഷത്തിൽ ഇരകൾക്ക് നീതി ഉറപ്പാക്കുന്നതിനായി സുപ്രീംകോടതി നിയോഗിച്ച വനിത ജഡ്ജിമാരുടെ സമിതി സുപ്രീംകോടതിയിൽ റിപോർട്ട് സമർപ്പിച്ചു. ജമ്മുകശ്മീർ ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് ഗീതാ മിത്തൽ അധ്യക്ഷയായ സമിതി അക്രമത്തെ സംബന്ധിച്ച കണ്ടെത്തലും നിർദേശങ്ങളും അടങ്ങുന്ന മൂന്ന് റിപോർട്ടുകളാണ് സമർപ്പിച്ചത്. അക്രമത്തിന് ഇരയായവർക്ക് നൽകുന്ന നഷ്ടപരിഹരം വർദ്ധിപ്പിക്കണമെന്ന് സിമിതി റിപോർട്ടിൽ ശുപാർശ ചെയ്തു. സംഘർഷത്തിൽ ഇരകളാക്കപ്പെട്ടവർക്ക് ആവശ്യ രേഖകൾ സർക്കാർ വീണ്ടും നൽകേണ്ടതുണ്ടെന്ന് സമിതി നിർദേശിച്ചു. ആക്രമണത്തിൽ വീട് നഷ്ടപ്പെട്ടതിനോടപ്പം രേഖകൾ കൂടി നഷ്ടമായിട്ടുണ്ട്. ആധാർ കാർഡ് പോലുള്ള നിർണായക തിരിച്ചറിയൽ രേഖകൾ ഉൾപ്പെടെയുള്ള നഷ്ടപ്പെട്ട രേഖകളുടെ പുനരുജ്ജീവനത്തിന് നോഡൽ ഓഫീസറെ നിയോഗിക്കണമെന്ന് സമിതി ശുപാർശ ചെയ്തു. ഇരകളുടെ നഷ്ടപരിഹാര പദ്ധതി നവീകരിക്കുകയും ഇതിന് ഒരു നോഡൽ അഡ്മിനട്രേഷൻ വിദഗ്ധനെ നിയോഗിക്കുകയും വേണമെന്നും ആവശ്യപ്പെട്ടു.  എൻ.എ.എസ്.എൽ.എ പദ്ധതിക്ക് അനുസൃതമായി നഷ്ടപരിഹാര ചട്ടക്കൂട് മെച്ചപ്പെടുത്തണം. മറ്റ് നഷ്ടപരിഹാര പദ്ധതിക്ക് കീഴിൽ അനുകൂല്യങ്ങൾ ലഭിച്ച ഇരകളെ ഒഴിവാക്കുന്ന നിലവിലെ വ്യവസ്ഥ ഒഴിവാക്കണമെന്നും സമിതി ശുപാർശ ചെയ്യുന്നു. കേസിന്റെ നടപടികളുടെ ഭരണപരമായ വശങ്ങൾ കാര്യക്ഷമമാക്കാൻ ഒരു നോഡൽ അഡ്മിനിട്രേറ്റീവ് വിദഗ്ധന്റെ ആവശ്യമുണ്ടെന്നും റിപോർട്ട് ചൂണ്ടികാണിക്കുന്നു. റിപോർട്ടുകൾ പരിശോധിച്ച ശേഷം, ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബഞ്ച് രേഖപ്പെടുത്തി. സമിതിയുടെ റിപോർട്ടുകൾ ഹരജിക്കാരെ പ്രതിനിധീകരിക്കുന്ന എല്ലാ അഭിഭാഷകർക്കും നൽകാനും നിർദേശിച്ചു. സമിതിക്ക് സാമ്പത്തികം അനുവദിക്കുന്നതിനും സമിതിയുടെ  പ്രവർത്തനങ്ങൾ പരസ്യപ്പെടുത്തുന്നതിനും ചില നടപടിക്രമങ്ങൾ ആവശ്യമാണെന്ന് കോടതി അംഗീകരിച്ചു.
 

Latest News