ഗുവാഹത്തി- അസമിലെ തേയിലത്തോട്ടങ്ങളിൽ രാജകീയമായി ജീവിച്ചിരുന്ന ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ഏഷ്യൻ ആന ബിജുലി പ്രസാദ് ചരിഞ്ഞു. ഏറെ തലയെടുപ്പുള്ള ആനക്ക് 89 വയസായിരുന്നു എന്നാണ് അനുമാനം. വാർദ്ധക്യ സഹജമായ പ്രശ്‌നങ്ങളെ തുടർന്ന് പുലർച്ചെ 3.30 ഓടെ വില്യംസൺ മഗോർ ഗ്രൂപ്പിന്റെ ബെഹാലി ടീ എസ്‌റ്റേറ്റിൽ വച്ചാണ് ബിജുലി പ്രസാദ് അന്ത്യശ്വാസം വലിച്ചതെന്ന് വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തു.
ഇംഗ്ലണ്ടിൽ നിന്നുള്ള ഒലിവർ സാഹിബാണ് ആനയ്ക്ക് ബിജുലി പ്രസാദ് എന്ന് പേരിട്ടത്. മൃഗസ്‌നേഹികളും തേയിലത്തോട്ട തൊഴിലാളികളും നാട്ടുകാരും ഉൾപ്പെടെ നിരവധി പേർ ബിജുലി പ്രസാദിന്റെ മരണത്തിൽ വിലപിക്കാനായി പ്രദേശത്ത് ഒത്തുകൂടി.
'വില്യംസൺ മഗോർ ഗ്രൂപ്പിന്റെ അഭിമാനത്തിന്റെ പ്രതീകമായിരുന്നു ബിജുലി പ്രസാദ്. ബർഗാംഗ് ടീ എസ്‌റ്റേറ്റിലേക്കായിരുന്നു ഇതിനെ ആദ്യം എത്തിച്ചത്. പിന്നീട് ബാർഗാംഗ് ടീ എസ്‌റ്റേറ്റ് കമ്പനി വിറ്റതിന് ശേഷം ഇവിടേക്ക് മാറ്റി- തേയിലത്തോട്ടത്തിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.
'എന്റെ അറിവിൽ, ഇന്ത്യയിൽ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും പ്രായം കൂടിയ ആനയാണ് ബിജുലി പ്രസാദ് എന്ന് പത്മശ്രീ അവാർഡ് ജേതാവും പ്രശസ്ത ആന ശസ്ത്രക്രിയാവിദഗ്ധനുമായ ഡോ. കുശാൽ കോൺവർ ശർമ്മ പറഞ്ഞു. സാധാരണയായി ഏഷ്യാൻ കാട്ടാനകൾ 62 മുതൽ 65 വർഷം വരെ ജീവിക്കുന്നു, എന്നാൽ നാട്ടാനകൾക്ക് ശരിയായ പരിചരണം ലഭിക്കുകയാണെങ്കിൽ ഏകദേശം 80 വർഷം വരെ ജീവിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഏകദേശം പത്തുവർഷം മുമ്പ് ബിജുലി പ്രസാദിന്റെ പല്ലുകളെല്ലാം കൊഴിഞ്ഞുപോയി. പിന്നീട് അതിന് ഒന്നും കഴിക്കാനായില്ല. മരിക്കാൻ പോകുകയായിരുന്നു. പിന്നെ ഞാൻ അവിടെ പോയി ചികിത്സിച്ചു. പതിവ് ഭക്ഷണമെല്ലാം മാറ്റി. അരിയും സോയാബീനും പോലെ തിളപ്പിച്ച ഭക്ഷണം കഴിക്കാൻ തുടങ്ങി. ഇത് ആനയുടെ ആയുർദൈർഘ്യം വർദ്ധിപ്പിച്ചു- ഡോ ശർമ്മ പറഞ്ഞു.