ന്യൂദൽഹി- പ്രകോപനമുണ്ടാക്കുന്ന പ്രസംഗങ്ങൾ നടത്തിയതിനെ തുടർന്ന് ഏതാനും ഹിന്ദു സംഘടനകൾ ജന്തർമന്തറിൽ സംഘടിപ്പിച്ച യോഗം പോലീസ് പാതിവഴിയിൽ തടഞ്ഞു. ഹരിയാനയിലെ നൂഹിൽ അടുത്തിടെ നടന്ന അക്രമ സംഭവങ്ങളെച്ചൊല്ലിയാണ് ചില സംഘടനകൾ പ്രതിഷേധ യോഗം സംഘടിപ്പിച്ചത്. ഒരു മതത്തെക്കുറിച്ചും ഒന്നും പറയരുതെന്ന് അവരോട് ആവശ്യപ്പെട്ടിരുന്നുവെന്നും അത് ലംഘിച്ചതിനാലാണ് സമ്മേളനം പിരിച്ചുവിടാൻ നിർദ്ദേശിച്ചതെന്നും പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ഹിന്ദുക്കളുടെ ജനസംഖ്യ കുറയുകയും മുസ്ലീങ്ങളുടെ ജനസംഖ്യ ഇതുപോലെ വളരുകയും ചെയ്താൽ ആയിരം വർഷത്തെ ചരിത്രം ആവർത്തിക്കുമെന്ന് അഖിലേന്ത്യാ സനാതൻ ഫൗണ്ടേഷനും മറ്റ് സംഘടനകളും സംഘടിപ്പിച്ച മഹാപഞ്ചായത്തിനെ അഭിസംബോധന ചെയ്ത് യതി നരസിംഹാനന്ദ് പറഞ്ഞിരുന്നു. ജനസംഖ്യ ഇങ്ങനെ പോയാൽ പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും ഹിന്ദുക്കൾക്ക് സംഭവിച്ചത് ഇവിടെയും ആവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രകോപനപരമായ പരാമർശങ്ങൾ നടത്തിയതിന് നേരത്തെ കേസെടുത്ത സന്യാസിയാണ് നരസിംഹാനന്ദ്.
സംസാരിക്കുന്നതിനിടെ തന്നെ പോലീസ് ഉദ്യോഗസ്ഥൻ ഇദ്ദേഹത്തിന്റെ പ്രസംഗത്തെ എതിർത്തിരുന്നു. നരസിംഹാനന്ദിന് പിന്നാലെ രംഗത്തെത്തിയ ഹിന്ദു സേനയുടെ വിഷ്ണു ഗുപ്ത നുഹും മേവാത്തും ജിഹാദികളുടെയും ഭീകരരുടെയും കോട്ടകളായി മാറിയെന്നും അവിടെ സൈന്യത്തിന്റെയും സിആർപിഎഫിന്റെയും ക്യാമ്പുകൾ സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു. 1947-ൽ രാജ്യം മതത്തിന്റെ അടിസ്ഥാനത്തിൽ വിഭജിക്കപ്പെട്ടു. ഒരൊറ്റ മുസ്ലീം ഇവിടെ ഉള്ളിടത്തോളം കാലം വിഭജനം പൂർത്തിയാകില്ലെന്നും ഗുപ്ത പറഞ്ഞു. അദ്ദേഹം സംസാരിച്ചുകൊണ്ടിരിക്കെ പോലീസ് ഓഫീസർ വീണ്ടും ഇടപെട്ട് പങ്കെടുത്തവരോട് സ്ഥലം വിടാൻ ആവശ്യപ്പെട്ടു.
ജൂലായ് 31 ന് ഹരിയാനയിലെ നുഹിൽ വിശ്വഹിന്ദു പരിഷത്ത് ഘോഷയാത്രയെ ജനക്കൂട്ടം ആക്രമിച്ചുവെന്ന് ആരോപിച്ചായിരുന്നു അക്രമം. സംഘർഷം പിന്നീട് ഗുരുഗ്രാമിലേക്കും മറ്റ് പ്രദേശങ്ങളിലേക്കും വ്യാപിക്കുകയും ചെയ്തു. വർഗീയ സംഘർഷത്തിൽ രണ്ട് ഹോം ഗാർഡുകളും ഒരു മസ്ജിദ് ഇമാമുമടക്കം ആറ് പേർ മരിച്ചു.