പ്യോംഗ്യാംഗ്- കിഴക്കന്‍ തീരത്ത് എത്തിയ അമേരിക്കന്‍ രഹസ്യാന്വേഷണ ജെറ്റുകള്‍ തകര്‍ത്തതെന്ന് അവകാശവാദവുമായി ഉത്തര കൊറിയ. പ്രദേശത്ത് നുഴഞ്ഞുകയറിയതിനെത്തുടര്‍ന്നാണ് യു. എസ് രഹസ്യാന്വേഷണ വിമാനം തകര്‍ത്തതെന്ന് ഉത്തരകൊറിയയുടെ സൈന്യം അറിയിച്ചതായി സ്റ്റേറ്റ് ന്യൂസ് ഏജന്‍സി കെ. സി. എന്‍. എ റിപ്പോര്‍ട്ട് ചെയ്തു.
വ്യാഴാഴ്ചയാണ് സംഭവം നടന്നത്. അപകടകരമായ സൈനിക പ്രകോപനമാണ് യു. എസ് നടത്തിയത്. ഭാവിയിലെ കടന്നുകയറ്റങ്ങള്‍ തടയുന്നതിനുള്ള നടപടികള്‍ ഉത്തര കൊറിയ പരിഗണിക്കുകയാണെന്ന് കൊറിയന്‍ പീപ്പിള്‍സ് ആര്‍മിയുടെ ജനറല്‍ സ്റ്റാഫിന്റെ പേര് വെളിപ്പെടുത്താത്ത വക്താവ് റിപ്പോര്‍ട്ടില്‍ പറഞ്ഞു.
പ്രകോപനത്തില്‍ പ്രതിഷേധിച്ച് ഉത്തരകൊറിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിക്കുകയോ മറ്റ് സൈനിക നടപടികള്‍ സ്വീകരിക്കുകയോ ചെയ്തേക്കുമെന്ന് ഉത്തരകൊറിയയുടെ രഹസ്യാന്വേഷണ ഏജന്‍സിയെ ഉദ്ധരിച്ച് ഒരു ദക്ഷിണ കൊറിയന്‍ നിയമനിര്‍മ്മാതാവ് വ്യക്തമാക്കി.
ഉത്തരകൊറിയയില്‍ നിന്നുള്ള ആണവ ഭീഷണികളും ചൈനയുടെ പ്രാദേശിക സ്വാധീനവും വര്‍ധിച്ചുവരുന്നതിനാല്‍ സിയോളും ടോക്കിയോയും തമ്മിലുള്ള ബന്ധം ശക്തമാക്കുമെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞിരുന്നു. ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂന്‍ സുക് യോള്‍, ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ എന്നിവരുമായി മേരിലാന്‍ഡിലെ ക്യാമ്പ് ഡേവിഡില്‍ ബൈഡന്‍ കൂടിക്കാഴ്ച നടത്തും.
അതേസമയം ദക്ഷിണ കൊറിയയും അമേരിക്കയും തമ്മിലുള്ള 11 ദിവസത്തെ സംയുക്ത സൈനികാഭ്യാസം തിങ്കളാഴ്ച ആരംഭിക്കും.