ന്യൂദൽഹി- കോവിഡ് -19 ഇപ്പോഴും നമുക്ക് ചുറ്റും ഉണ്ടെന്നും പ്രതിരോധ നടപടികൾ ആവശ്യമാണെന്നും ഓർമ്മിപ്പിച്ച് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അഥനോം ഗെബ്രിയേസസ്. നിങ്ങൾക്കറിയാവുന്നതുപോലെ, കോവിഡ് അടിയന്തരാവസ്ഥ അവസാനിച്ചു. പക്ഷേ ഇപ്പോഴും കോവിഡ് ഉണ്ട്. അതുകൊണ്ട് പ്രതിരോധ നടപടികൾ ആവശ്യമാണ്.
അതേസമയം, അടുത്തതിനായി നമ്മൾ തയ്യാറെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. വാക്സിനുകൾ, ചികിത്സ എന്നിവയുടെ തുല്യമായ പ്രവേശനത്തിന്റെ അഭാവമായിരുന്നു കോവിഡ് കാലത്തെ വെല്ലുവിളിയെന്ന് ഡോ ഗെബ്രിയേസസ് പറഞ്ഞു. ഗുജറാത്തിലെ ഗാന്ധിനഗറിൽ നടന്ന ജി 20 ആരോഗ്യ മന്ത്രിമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ്-19 ഇനി ആഗോള ആരോഗ്യ അടിയന്തരാവസ്ഥയില്ലെങ്കിലു ഇത് ആഗോള ആരോഗ്യ ഭീഷണിയായി തുടരുകയാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
പുതിയ കോവിഡ് വകഭേദഗത്തെ ലോകാരോഗ്യ സംഘടന വേർതിരിച്ചിട്ടുണ്ട്. BA.2.86 വേരിയന്റ് ഇപ്പോൾ നിരീക്ഷണത്തിലാണ്. എല്ലാ രാജ്യങ്ങളും നിരീക്ഷണം തുടരേണ്ടതിന്റെ ആവശ്യകതയാണ് ഇത് എടുത്തുകാണിക്കുന്നതെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കോവിഡ് വകഭേദത്തെ കുറിച്ചും അതിന്റെ വ്യാപ്തിയെ കുറിച്ചും മനസിലാക്കാൻ കൂടുതൽ ഡാറ്റ ആവശ്യമാണ്. കൂടുതൽ അറിയുന്നതിനനുസരിച്ച് ലോകാരോഗ്യ സംഘടന രാജ്യങ്ങളെയും പൊതുജനങ്ങളെയും അപ്‌ഡേറ്റ് ചെയ്യുമെന്ന് ഡബ്ല്യുഎച്ച്ഒ പ്രസ്താവനയിൽ പറഞ്ഞു.