റിയാദ്- അൽ ഹിലാൽ ജഴ്‌സിയിൽ ബ്രസീലിയൻ സൂപ്പർ താരം നെയ്മാർ അരങ്ങേറുന്നത് കാണാൻ ആരാധകർക്ക് ഒരു മാസം കൂടി കാത്തിരിക്കേണ്ടി വരും. പരിക്ക് കാരണം അൽ-ഹിലാലിന് വേണ്ടി അരങ്ങേറ്റം കുറിക്കാൻ ബ്രസീലിയൻ വിംഗർ നെയ്മറിന് സെപ്റ്റംബർ വരെ കാത്തിരിക്കേണ്ടി വരുമെന്ന് കോച്ച് ജോർജ്ജ് ജീസസ് പറഞ്ഞു. ഇന്നലെയാണ്(ശനി)നെയ്മാർ റിയാദിലെ ഗ്രൗണ്ടിൽ അൽ ഹിലാൽ ജഴ്‌സിയിൽ എത്തിയത്.
''നെയ്മാർ സർഗ്ഗാത്മക കളിക്കാരനാണ്. താരത്തിന്റെ സാന്നിധ്യം ഞങ്ങളെ മെച്ചപ്പെടുത്താൻ സഹായിക്കും, പക്ഷേ അദ്ദേഹത്തിന് ഇപ്പോൾ ചെറിയ പരിക്കുണ്ട്. എപ്പോൾ മടങ്ങിവരുമെന്ന് എനിക്കറിയില്ല. ഒരുപക്ഷേ സെപ്റ്റംബർ പകുതിയോടെ അദ്ദേഹം തയ്യാറാകുമെന്ന് ജീസസ് പറഞ്ഞു.
അതേമസംയ, അടുത്ത മാസം നടക്കുന്ന രണ്ട് ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ബ്രസീൽ ടീമിൽ നെയ്മറെ ഉൾപ്പെടുത്തിയതിൽ അൽ-ഹിലാൽ കോച്ച് ജീസസ് അത്ഭുതം പ്രകടിപ്പിച്ചു. ബ്രസീൽ ദേശീയ ടീം അവനെ എങ്ങനെയാണ് വിളിച്ചതെന്ന് എനിക്കറിയില്ല, അവൻ തയ്യാറല്ല- ജീസസ് പറഞ്ഞു.
കഴിഞ്ഞ വർഷത്തെ ലോകകപ്പിന് ശേഷം നെയ്മർ ബ്രസീലിനായി കളിച്ചിട്ടില്ല, എന്നാൽ സെപ്തംബർ 8 ന് ബൊളീവിയയ്ക്കെതിരെയും നാല് ദിവസത്തിന് ശേഷം പെറുവിനെതിരെയും ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ടീമിൽ അദ്ദേഹത്തെ ഉൾപ്പെടുത്തിയിട്ടുണ്ട്.