ഹൈദരാബാദ്- ട്രാൻസ്‌ജെൻഡർമാരായി ആൾമാറാട്ടം നടത്തി ബസ് യാത്രക്കാർ, കടയുടമകൾ എന്നിവരിൽ നിന്ന് പണം തട്ടിയതിന് 19 പേരെ ഹൈദരാബാദ് പോലീസ് അറസ്റ്റ് ചെയ്തു. ട്രാഫിക് സിഗ്നലുകളിൽ തടഞ്ഞുനിർത്തി ഗതാഗതക്കുരുക്കും ശല്യവും സൃഷ്ടിച്ചാണ് പണം ഈടാക്കിയിരുന്നത്. തിരക്കേറിയ ട്രാഫിക് സിഗ്നലുകളായ പാരഡൈസ് ക്രോസ്‌റോഡ്‌സ്, സ്വീകർ ഉപകർ ജംഗ്ഷൻ, ജൂബിലി ബസ് സ്റ്റാൻഡിന് സമീപം, സംഗീത് ക്രോസ്‌റോഡുകൾ എന്നിവിടങ്ങളിലാണ് യാത്രക്കാർ, കാൽനടയാത്രക്കാർ, കടയുടമകൾ എന്നിവരിൽ നിന്ന് ഇവർ നിർബന്ധിതമായി പണം പിരിച്ചെടുക്കുകയായിരുന്നു.
മഹാങ്കാളി, രാംഗോപാൽപേട്ട്, മാരേഡ്പള്ളി, ഗോപാലപുരം എന്നീ പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവങ്ങൾ നടന്നത്. പ്രതികളെ കസ്റ്റഡിയിലെടുത്ത് അതത് പോലീസ് സ്റ്റേഷനുകളിൽ എത്തിച്ചു. പിന്നീട് ഐപിസിയിലെ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം കേസുകൾ രജിസ്റ്റർ ചെയത് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിൽ അറസ്റ്റിലായ 19 പ്രതികളും കുറ്റം സമ്മതിച്ചു. എല്ലാവരും പുരുഷന്മാരാണെന്നും ട്രാൻസ്‌ജെൻഡേഴ്‌സ് ആയി ആൾമാറാട്ടം നടത്തി സ്ത്രീകളുടെ വേഷം ധരിച്ചുവെന്നും പോലീസ് പറഞ്ഞു.