ഇടുക്കി- ശാന്തൻപാറയിൽ സി.പി.എം നിർമിക്കുന്ന ബഹുനില കെട്ടിടം ഭൂപതിവ് ചട്ടം ലംഘിച്ചാണെന്ന ആരോപണത്തെച്ചൊല്ലി വിവാദം. റവന്യൂ വകുപ്പിന്റെ എൻ.ഒ.സി ഇല്ലാതെ പണിത കെട്ടിട നിർമാണം നിർത്തി വയ്ക്കാൻ വില്ലേജ് ഓഫീസർ നൽകിയ സ്റ്റോപ്പ് മെമ്മോ അവഗണിച്ചാണ് പണികൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നതെന്ന് യു.ഡി.എഫും ബി.ജെ.പിയും ആരോപിക്കുന്നു.
ഉടുമ്പൻചോല, ദേവികുളം താലൂക്കുകളിലെ ഏഴ് വില്ലേജുകളിൽ വീട് നിർമിക്കുന്നതിന് പോലും റവന്യൂ വകുപ്പിന്റെ എൻ.ഒ.സി വാങ്ങണമെന്നാണ് നിയമം. മൂന്നാർ-തേക്കടി സംസ്ഥാന പാതക്ക് സമീപം ശാന്തൻപാറ ടൗണിലാണ് സി.പി.എം ഏരിയ കമ്മിറ്റി ഓഫീസ് പണിയുന്നത്. മൂന്ന് നിലകളുള്ള കെട്ടിടമാണിത്. സി.പി.എം ജില്ലാ സെക്രട്ടറി സി.വി വർഗീസിന്റെ പേരിലുള്ള എട്ട് സെന്റ് സ്ഥലത്താണ് നിർമാണം. നിലവിലുണ്ടായിരുന്ന ഒറ്റനില കെട്ടിടം പൊളിച്ചുമാറ്റിയാണ് പുതിയത് പണിയുന്നത്. താഴത്തെ നില കച്ചവട സ്ഥാപനങ്ങൾക്കായും മുകളിലത്തെ നില പാർട്ടി ഓഫീസ് ആവശ്യത്തിനുമായാണ് നിർമാണം.
എൻ.ഒ.സി വാങ്ങാത്തതിനെ തുടർന്ന് 2022 നവംബർ 25ന് ശാന്തൻപാറ വില്ലേജ് ഓഫീസർ സി.പി.എം ജില്ലാ സെക്രട്ടറിക്ക് സ്റ്റോപ്പ് മെമ്മോ നൽകി. തുടർ നടപടികൾക്കായി റിപ്പോർട്ട് ഉടുമ്പൻചോല തഹസിൽദാർക്ക് കൈമാറുകയും ചെയ്തു. എന്നാൽ 9 മാസമായി തുടർ നടപടിയൊന്നുമെടുത്തില്ല. ഉണ്ടായിരുന്ന കെട്ടിടത്തിന് കൂട്ടിച്ചേർക്കലുകൾ വരുത്തുകയാണെന്നാണ് സി.പി.എം വിശദീകരണം.
ചിന്നക്കനാലിൽ കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ എം.എൽ.എയുടെ റിസോർട്ട് ഭൂപതിവ് ചട്ടം ലംഘിച്ചെന്ന പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെയാണ് സി.പി.എമ്മിന്റെ നിർമാണവും വിവാദമാകുന്നത്.