Sorry, you need to enable JavaScript to visit this website.

പിതാവിനെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ മകൻ അറസ്റ്റിൽ

ആലപ്പുഴ-വിവാഹാവശ്യത്തിനായി വായ്പയെടുത്ത പണത്തെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് പിതാവിനെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ മകൻ അറസ്റ്റിൽ. ആലപ്പുഴ കാളാത്ത് തടിക്കൽ വീട്ടിൽ സുരേഷ് കുമാറിന്റെ മകൻ നിഖിലിനെ (29) ബെംഗളൂരു മജിസ്റ്റിക് റെയിൽവേ സ്‌റ്റേഷന് സമീപത്തു നിന്നാണ് നോർത്ത് പോലീസ് അറസ്റ്റു ചെയ്തത്. ആലപ്പുഴ ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസാ ജോണിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ആലപ്പുഴ ഡിവൈ.എസ്.പി. എൻ ആർ ജയരാജിന്റെ  നിർദ്ദേശ പ്രകാരം നടത്തിയ അന്വേഷണത്തിലാണ് പ്രതി ബെംഗളൂരുവിൽ നിന്നും പിടിയിലായത്. അടുത്ത ദിവസം ദൽഹിയിലേക്ക് പോകുന്നതിനായി  ട്രെയിൻ ടിക്കറ്റ് എടുത്തിരുന്ന പ്രതിയുടെ നീക്കം ബംഗളൂരുവിൽ തമ്പടിച്ച പോലീസ് സംഘം നിരീക്ഷിച്ചാണ് അറസ്റ്റ് ചെയ്തത്. ആലപ്പുഴയിൽ എത്തിച്ച പ്രതിയെ ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
കഴിഞ്ഞ 15 ന് രാത്രിയിലാണ്  മകൻ നിഖിലുമായുണ്ടായ വാക്കേറ്റത്തിന് പിന്നാലെ പിതാവ് സുരേഷ് കുമാറിനെ (54) മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിന് ശേഷം നിഖിൽ ഒളിവിൽ പോകുകയായിരുന്നു.രാവിലെ ഏഴരയായിട്ടും ഏഴുന്നേൽക്കാതെ വന്നതോടെ ഭാര്യ മിനിമോൾ അടുത്തമുറിയിൽ ചെന്ന് നോക്കിയപ്പോഴാണ് സുരേഷ് കുമാറിന് അനക്കമില്ലെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് ബഹളം വെച്ച് അയൽവാസികളെ കൂട്ടുകയായിരുന്നു. മദ്യപിച്ച ശേഷം രാത്രിയിൽ അച്ഛനും മകനും തമ്മിൽ വാക്കേറ്റവും ബഹളവും നടന്നതായി മിനിമോൾ പോലീസിന് മൊഴി നൽകിയിരുന്നു. തലക്ക് പിന്നിലെ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
നഗരത്തിലെ കേബിൾ സ്ഥാപനത്തിലെ ജോലിക്കാരനാണ് നിഖിൽ.

Latest News