ഫൈസലാബാദ്- പാക്കിസ്ഥാനില്‍ ക്രിസ്ത്യന്‍ സഹോദരങ്ങള്‍ മതനിന്ദ നടത്തിയെന്നാരോപിച്ച് നടത്തിയ ആക്രമണത്തില്‍ കുറഞ്ഞത് 80 ക്രിസ്ത്യന്‍ വീടുകളും 19 പള്ളികളും തകര്‍ക്കപ്പെട്ടതായി അധികൃതര്‍. അക്രമത്തെക്കുറിച്ച് പഞ്ചാബ് പ്രവിശ്യാ പോലീസ് മേധാവി ഉസ്മാന്‍ അന്‍വര്‍ ദുരന്തം എന്ന് വിശേഷിപ്പിച്ചതായി വാര്‍ത്താ ഏജന്‍സിയായ എ. എഫ്. പി റിപ്പോര്‍ട്ട് ചെയ്തു.
പീഡന ആരോപണങ്ങള്‍ ഒഴിവാക്കാന്‍ വിശുദ്ധ ഖുര്‍ആനെ അവഹേളിച്ചുവെന്നാരോപിക്കപ്പെട്ട രണ്ട് ക്രിസ്ത്യന്‍ സഹോദരങ്ങളെ താന്‍ വ്യക്തിപരമായി ചോദ്യം ചെയ്തിരുന്നതായി പോലീസ് മേധാവി വെളിപ്പെടുത്തി.
വ്യാവസായിക നഗരമായ ഫൈസലാബാദിന്റെ പ്രാന്തപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ജരന്‍വാലയിലെ തെരുവുകളിലൂടെ പ്രകോപിതരായ ചിലര്‍ ആക്രമണം നടത്തുകയായിരുന്നു. വെള്ളിയാഴ്ച 3200 പള്ളികളിലാണ് പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയത്. സമാധാനം നിലനിര്‍ത്തുന്നതിനും ക്രിസ്ത്യാനികള്‍ക്ക് സുരക്ഷിതത്വബോധം നല്‍കുന്നതിനുമാണ് പഞ്ചാബ് പ്രവിശ്യയിലുടനീളം ചര്‍ച്ചുകള്‍ സംരക്ഷിക്കാന്‍ പോലീസിനെ വിന്യസിച്ചത്.
ആക്രമണത്തെത്തുടര്‍ന്ന്, പാക്കിസ്ഥാനിലെ ക്രിസ്ത്യന്‍ ഗ്രൂപ്പുകള്‍ ചെറിയ തോതിലുള്ള വിവിധ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചു. സംരക്ഷണ നടപടികള്‍ മെച്ചപ്പെടുത്താന്‍ അവര്‍ സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു.
ക്രിസ്ത്യന്‍ സമൂഹത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പഞ്ചാബ് കെയര്‍ടേക്കര്‍ നേതാവ് മൊഹ്‌സിന്‍ നഖ്വി പിന്തുണ അറിയിക്കുകയും അവരുടെ നഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം ഉറപ്പാക്കുകയും ചെയ്തു. അക്രമ സംഭവത്തില്‍ അന്വേഷണം ആരംഭിക്കുമെന്ന് പ്രവിശ്യാ സര്‍ക്കാരും പ്രതിജ്ഞയെടുത്തു.