വാഷിംഗ്ടണ്‍- ഉന്നത വിദ്യാഭ്യാസത്തിനായി യു. എസിലെത്തിയ 21 ഇന്ത്യന്‍ വിദ്യാര്‍ഥികളെ നാടുകടത്തി. ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ് എല്ലാവരും.
രേഖകള്‍ സൂക്ഷ്മമായി പരിശോധിച്ച ശേഷമാണ് ഇമിഗ്രേഷന്‍ ഓഫീസര്‍മാര്‍ വിദ്യാര്‍ഥികളെ തിരിച്ചയച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അറ്റ്ലാന്റ, ഷിക്കാഗോ, സാന്‍ ഫ്രാന്‍സിസ്കോ എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിലാണ് ഈ സംഭവങ്ങള്‍ ഉണ്ടായത്. വിസയ്ക്കുള്ള എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയതായും കോളജുകളില്‍ ചേരാനാവുമെന്നും കരുതിയ വിദ്യാര്‍ഥികളെയാണ് അപ്രതീക്ഷിതമായി പുറത്താക്കിയത്.
നാടുകടത്തലിനെക്കുറിച്ച് വ്യക്തമായ വിശദീകരണങ്ങള്‍ നല്‍കിയില്ലെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. തങ്ങളുടെ മൊബൈല്‍ ഫോണുകളും വാട്ട്സ്ആപ്പ് സംഭാഷണങ്ങളും സൂക്ഷ്മമായി പരിശോധിച്ചതായി ചില വിദ്യാര്‍ഥികള്‍ വെളിപ്പെടുത്തി. മാത്രമല്ല, എതിര്‍പ്പ് പ്രകടിപ്പിച്ചാല്‍ നിയമപരമായ കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പ് നല്‍കിയാണ് അധികൃതര്‍ നിര്‍ദ്ദേശം കൈമാറിയത്. മിസോറി, സൗത്ത് ഡക്കോട്ട എന്നിവിടങ്ങളിലെ സര്‍വകലാശാലകളുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലാണ് ഇവര്‍ പോകാനെത്തിയത്.