Sorry, you need to enable JavaScript to visit this website.

മലപ്പുറം ജില്ലയിലെ ബാങ്കുകളില്‍ പ്രവാസി നിക്ഷേപം കുറഞ്ഞു

മലപ്പുറം- ജില്ലയിലെ ബാങ്കുകളില്‍  ജൂണ്‍ പാദത്തില്‍ 51391.43 കോടി രൂപയുടെ നിക്ഷേപമുണ്ടായതായി ജില്ലാതല ബാങ്കിങ് അവലോകന സമിതി യോഗം വിലയിരുത്തി. കഴിഞ്ഞ പാദത്തിനേക്കാള്‍ കുറവാണ് ഇത്തവണ രേഖപ്പെടുത്തിയത്. കഴിഞ്ഞ പാദത്തില്‍ (മാര്‍ച്ച്) ഇത് 52351.66 കോടിയായിരുന്നു. പ്രവാസി നിക്ഷേപത്തിലും കുറവ് വന്നിട്ടുണ്ട്. 13208.89  കോടി രൂപയാണ് ഈ പാദത്തിലെ പ്രവാസി നിക്ഷേപം. കഴിഞ്ഞ പാദത്തില്‍ 15503.93 കോടി രൂപയായിരുന്നു ഇത്.
ജില്ലയിലെ മൊത്തം വായ്പകള്‍ 33319.61 കോടി രൂപയാണ്. കഴിഞ്ഞ പാദവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇതില്‍ 463.73 കോടി രൂപയുടെ വര്‍ധനവുണ്ടായി. കഴിഞ്ഞ പാദത്തില്‍ 32855.88 കോടിയായിരുന്നു വായ്പ. ജില്ലയിലെ വായ്പാ നിക്ഷേപ അനുപാതം 64.83 ശതമാനമാണ്. വായ്പാ നിക്ഷേപ അനുപാതം 60 ശതമാനത്തില്‍ കുറവുള്ള ബാങ്കുകള്‍ റേഷ്യേ 60 ശതമാനത്തില്‍ മുകളില്‍ എത്തിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രവാസികള്‍, കര്‍ഷകര്‍, സംരംഭകര്‍ എന്നിവരെ സഹായിക്കുന്ന നിലപാട് ബാങ്കുകള്‍ സ്വീകരിക്കണമെന്ന് യോഗം അഭിപ്രായപ്പെട്ടു.
മലപ്പുറം റൂബി ലോഞ്ച് ഓഡിറ്റോറിയത്തില്‍ നടന്ന യോഗം എം.പി അബ്ദുസ്സമദ് സമദാനി എം.പി ഉദ്ഘാടനം ചെയ്തു. മനുഷ്യത്വത്തിന്റെ മുഖമായിരിക്കണം ബാങ്കുകള്‍ സ്വീകരിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ വികസനത്തില്‍ ബാങ്കുകള്‍ക്ക് വലിയ പങ്ക് വഹിക്കാനുണ്ട്. പുതിയ ആശയങ്ങളെ ഉള്‍കൊള്ളാനും സ്വീകരിക്കാനും ബാങ്കിങ് മേഖലയ്ക്ക് കഴിയണം. കര്‍ഷകരെ കൂടുതലായി സഹായിക്കാന്‍ ബാങ്കുകള്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഡെപ്യൂട്ടി കളക്ടര്‍ എസ്.എസ് സരിന്‍, നബാര്‍ഡ് ഡി.ഡി.എം എ. മുഹമ്മദ് റിയാസ്, ലീഡ് ഡിസ്ട്രിക്ട് ഓഫീസര്‍ ഇ.കെ രഞ്ജിത്ത്, വി. സാവിയോ ജോസ് എന്നിവര്‍ സംസാരിച്ചു.

 

Latest News