റിയാദ് - പക്ഷിപ്പനി പടർന്നുപിടിച്ചേക്കുമെന്ന ഭീതി മൂലം കോഴിയിറച്ചി ഒഴിവാക്കേണ്ടതില്ലെന്ന് ആരോഗ്യ മന്ത്രാലയം പറഞ്ഞു. റിയാദിൽ വീണ്ടും പക്ഷിപ്പനി കേസ് പ്രത്യക്ഷപ്പെട്ടതായി സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വിശദീകരണം. ലോകത്ത് ഇന്നുവരെ പക്ഷിപ്പനി മനുഷ്യർക്കിടയിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. പക്ഷിപ്പനി പ്രത്യക്ഷപ്പെട്ട പശ്ചാത്തലത്തിൽ കോഴിയിറച്ചി കഴിക്കുന്നത് ഒഴിവാക്കണമെന്ന് മുന്നറിയിപ്പ് നൽകുന്ന സന്ദേശങ്ങൾ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് ആശങ്കപ്പെടേണ്ടതില്ലെന്നും പക്ഷിപ്പനി മനുഷ്യർക്ക് ബാധിക്കില്ലെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയത്. 1983 ൽ യൂറോപ്പിലാണ് ആദ്യമായി പക്ഷിപ്പനി പ്രത്യക്ഷപ്പെട്ടത്. ഇതിനു ശേഷം ഇതുവരെ പക്ഷികളിൽ നിന്ന് മനുഷ്യരിലേക്ക് പക്ഷിപ്പനി പടർന്നുപിടിച്ച ഒരു കേസ് പോലും രജിസ്റ്റർ ചെയ്തിട്ടില്ല. കോഴിയിറച്ചി കഴിക്കുന്നതിലൂടെ പക്ഷിപ്പനി ബാധിക്കുന്നതിന് സാധ്യതയുണ്ടെന്ന നിലക്ക് പ്രചരിക്കുന്നത് കിംവദന്തികൾ മാത്രമാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
സൗദിയിൽ പക്ഷി വിപണികളിൽ നടത്തിയ പരിശോധനകളിൽ റിയാദ് അസീസിയ പക്ഷി മാർക്കറ്റിൽ ഒരു പക്ഷിപ്പനി കേസ് കണ്ടെത്തിയതായി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. താറാവുകൾക്കിടയിലാണ് പക്ഷിപ്പനി ബാധ കണ്ടെത്തിയത്. ഉടൻ തന്നെ സുരക്ഷാ വകുപ്പുകളുമായും നഗരസഭയുമായും ആരോഗ്യ വകുപ്പുമായും ധനമന്ത്രാലയവുമായും ചേർന്ന് അസീസിയ പക്ഷി മാർക്കറ്റ് അടപ്പിക്കുകയും പക്ഷികളെ സുരക്ഷിതമായി നശിപ്പിക്കുകയും ചെയ്തു. മൂന്നു മാസത്തെ ഇടവേളക്കു ശേഷമാണ് രാജ്യത്ത് പുതിയ പക്ഷിപ്പനി കേസ് കണ്ടെത്തുന്നത്. ഇതിനു മുമ്പ് ഏറ്റവും ഒടുവിൽ 2018 ഏപ്രിൽ 17 ന് ആണ് സൗദിയിൽ പക്ഷിപ്പനി കേസ് റിപ്പോർട്ട് ചെയ്തത്. തങ്ങളുടെ പക്ഷികളിലേക്ക് രോഗം പടർന്നുപിടിക്കുന്നത് തടയുന്നതിന്, ശുദ്ധീകരണ ജോലികൾ പൂർത്തിയാകുന്നതുവരെ പക്ഷി ഉടമകളും പൗൾട്രി ഫാമുകളുമായി ബന്ധമുള്ളവരും അസീസിയ പക്ഷി മാർക്കറ്റിലേക്ക് പോകരുത്. പക്ഷികൾക്കിടയിൽ വേഗത്തിൽ പടർന്നുപിടിക്കു രോഗമാണിതെന്നും പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം പറഞ്ഞു.