> അക്ബറിനെ ആശുപത്രിയിലെത്തിക്കും മുമ്പ് പശുക്കളെ പോലീസ് ഗോശാലയിലെത്തിച്ചു
ജയ്പൂര്‍- ആല്‍വറില്‍ 28കാരനായ മുസ്ലിം യുവാവിനെ പശുക്കടത്തിന്റെ പേരില്‍ ആള്‍ക്കൂട്ടം മര്‍ദിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട്. ആള്‍ക്കൂട്ട മര്‍ദനമേറ്റ് ഗുരുതരമായി പരിക്കേറ്റ അക്ബര്‍ ഖാനുമായി നാലു മണിക്കൂറോളം പോലീസ് വാഹനത്തില്‍ കറങ്ങിയെന്ന് ദൃക്‌സാക്ഷികളെ ഉദ്ദരിച്ച് റിപ്പോര്‍ട്ട് പറയുന്നു. അക്ബറിനെ ആശുപത്രിയിലെത്തിക്കും മുമ്പ് അദ്ദേഹത്തില്‍ നിന്ന് പിടിച്ചെടുത്ത പശുക്കളെ ഗോശാലയിലെത്തിക്കാനായിരുന്നു പോലീസിനു തിടുക്കം. പശുക്കളെ കൊണ്ടു പോകാന്‍ പോലീസ് തന്നെ വാഹനം തരപ്പെടുത്തിയെങ്കിലും സ്റ്റേഷന്റെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ പരിക്കേറ്റ അക്ബറിനെ സമയത്ത് എത്തിച്ചില്ലെന്ന് വ്യക്തമായിരിക്കുകയാണ്. പശുക്കളെ കൊണ്ടു പോകാന്‍ വാഹനം വിളിച്ചു ഏര്‍പ്പാടാക്കിയ ശേഷം അക്ബറുമായി പോലീസ് സ്റ്റേഷനിലേക്കാണ് പോയത്. അവിടെ നിന്നാണ് ആശുപത്രിയിലേക്ക് തിരിച്ചത്. ഇതിനിടെ വഴിയരികില്‍ നിര്‍ത്തി പോലീസുകാര്‍ ചായ കുടിച്ചതായും ഇവരെ അനുഗമിച്ച ഒരു ഹിന്ദുത്വ പ്രവര്‍ത്തകനെ ഉദ്ധരിച്ച് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു.
ആശുപത്രിയിലേക്കു കൊണ്ടു പോകും വഴി മര്‍ദനമേറ്റ് ഗുരുതരാവസ്ഥയിലായ അക്ബറിനെ പോലീസും മര്‍ദിച്ചെന്ന് ദൃക്‌സാക്ഷി പറയുന്നു. ആശുപത്രിയിലേക്കുള്ള വഴിമധ്യേയാണ് അക്ബറിന്റെ മരണം സംഭവിച്ചതെന്ന് പോലീസ് നേരത്തെ തന്നെ പറഞ്ഞിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരാണ് അറസ്റ്റിലായിട്ടുള്ളത്.
പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ പ്രകാരം ആള്‍ക്കൂട്ട ആക്രമണം പോലീസ് അറിഞ്ഞത് ശനിയാഴ്ച പുലര്‍ച്ചെ 12.41നാണ്. 1.20ഓടെ പോലീസ് സംഭവസ്ഥലത്തെത്തിയതായി ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകനായ നവല്‍ കിഷോര്‍ പറയുന്നു. ഇദ്ദേഹമാണ് പോലീസിനെ വിവരമറിയിച്ചത്. നവല്‍ കിഷോര്‍ പിന്നീട് പോലീസിനെ അനുഗമിക്കുകയും ചെയ്തിരുന്നു. മര്‍ദനമേറ്റ് ചെളിയില്‍ പുതഞ്ഞ അകബറിനു മീതെ പോലീസ് ആദ്യം വെള്ളമൊഴിച്ച് ചെളി കളഞ്ഞശേഷം വാഹനത്തിലേക്കു കയറ്റിയെന്ന് നവല്‍ പറയുന്നു. ആദ്യം പോയത് നവല്‍ കിഷോറിന്റെ വീട്ടിലേക്കാണ്. ഇവിടെ നിന്നാണ് പശുക്കളെ ഗോശാലയിലെത്തിക്കാനുള്ള വാഹനം തരപ്പെടുത്തിയത്. ഇതിനിടെ വാഹനത്തിനകത്ത് കിടക്കുകയായിരുന്നു അക്ബറിനെ പോലീസുകാര്‍ തെറിവിളിക്കുകയും മര്‍ദിക്കുകയും ചെയ്യുന്നത് കണ്ടെന്ന് നവല്‍ കിഷോറിന്റെ ബന്ധുവായ മായ പറയുന്നു. അപ്പോഴും അക്ബറിന് ജീവനുണ്ടായിരുന്നുവെന്നും ഇവര്‍ പറഞ്ഞു.
പശുക്കളെ കൊണ്ടു പോകാന്‍ വാഹനം കിട്ടിയതോടെ നവല്‍ കിഷോര്‍ അവയുമായി തൊട്ടടുത്ത ഗോശാലയിലേക്കു പോയി. ശേഷം ഒരു തട്ടുകടയില്‍ നിന്നും ചായ കുടിച്ച് പോലീസ് നേരെ സ്റ്റേഷനിലേക്കാണ് വണ്ടി വിട്ടത്. പിന്നീട് പുലര്‍ച്ചെ നാലു മണിയോടെയാണ് അക്ബറിനെ ആശുപത്രിയിലെത്തിക്കുന്നത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നതായി ആശുപത്രി രേഖകളിലും പറയുന്നു. ഇതോടെ അക്ബറിന്റെ മരണം സംഭവിച്ചത് പോലീസ് വാഹനത്തില്‍ വ്ച്ചാണെന്ന് വ്യക്തമായിരിക്കുകയാണ്. പോലീസിന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ താന്‍ ഇന്നലെയാണ് ചുമതലയേറ്റതെന്നും കേസ് വിവരങ്ങള്‍ പഠിച്ചുവരികയാണെന്നുമാണ് ലോക്കല്‍ പോലീസ് സ്റ്റേഷനിലെ ഏറ്റവും മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ രാജേന്ദ്ര ചൗധരി എന്‍.ഡി.ടി.വിയോട് പറഞ്ഞത്.