Sorry, you need to enable JavaScript to visit this website.

ഭർത്താവിന് ജയിലിൽ വിഷം നൽകുമെന്ന ആശങ്ക ഉന്നയിച്ച് ഇമ്രാൻ ഖാന്റെ ഭാര്യ ബുഷ്റ ബീബി

ഇസ്‌ലാമാബാദ്-ജയിലിലടച്ച പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) ചെയർമാനും മുൻ പ്രധാനമന്ത്രിയുമായ ഇമ്രാൻ ഖാന്റെ  സുരക്ഷയെ കുറിച്ച് ആശങ്ക ഉന്നയിച്ച് ഭാര്യ ബുഷ്‌റ ബീബി.  അറ്റോക്ക് ജയിലിൽ ഭർത്താവിന് വിഷബാധയേറ്റേക്കാമെന്ന് അവർ പറഞ്ഞതായി ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്തു.

ഭർത്താവിനെ റാവൽപിണ്ടിയിലെ അദിയാല ജയിലിലേക്ക് മാറ്റാൻ ബന്ധപ്പെട്ട അധികാരികൾക്ക് കോടതി നിർദ്ദേശം നൽകിയ കാര്യം ഓർമിപ്പിച്ച ബുഷ്റ ബീബി പഞ്ചാബ് ആഭ്യന്തര സെക്രട്ടറിക്ക് കത്തയച്ചു.

ഭർത്താവിനെ ഒരു ന്യായീകരണവുമില്ലാതെയാണ് അറ്റോക്ക്  ജയിലിൽ അടച്ചിരിക്കുന്നത്. നിയമമനുസരിച്ച്  ഭർത്താവിനെ അദിയാല ജയിലിലേക്ക് മാറ്റണം- അവർ ആവശ്യപ്പെട്ടു. മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ഈ മാസം ആദ്യമാണ്  അറസ്റ്റ് ചെയ്തത്.  2018-22 കാലയളവിൽ വിദേശ പ്രമുഖരിൽ നിന്ന് സ്വീകരിച്ച സമ്മാനങ്ങൾ വിൽപന നടത്തിയെന്ന കേസിലാണ് ഇമ്രാൻ ഖാനെ മൂന്നു വർഷത്തേക്ക് തടവിന് ശിക്ഷിച്ചത്. ഖാനെ രാഷ്ട്രീയത്തിൽ നിന്ന് അഞ്ച് വർഷത്തേക്ക് വിലക്കുകയും ചെയ്തു.

ഓക്‌സ്‌ഫോർഡ് ബിരുദധാരിയും ദേശീയ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റനുമായതിനാൽ പി.ടി.ഐ മേധാവിക്ക് ജയിലിൽ സാമൂഹികവും രാഷ്ട്രീയവുമായ പദവിക്കനുസരിച്ച് ബി ക്ലാസ് സൗകര്യങ്ങൾ ഒരുക്കണമെന്ന് ബുഷ്‌റ ബീബി കത്തിൽ ആവശ്യപ്പെട്ടു. ഖാനെതിരേ രണ്ട് തവണ വധശ്രമം നടന്നിട്ടുണ്ടെങ്കിലും അതിൽ ഉൾപ്പെട്ട പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും ബുഷ്റ ബീബി പറഞ്ഞു.

ഇമ്രാൻ ഖാന്റെ ജീവൻ ഇപ്പോഴും അപകടത്തിലാണ്, അറ്റോക്ക് ജയിലിൽ എന്റെ ഭർത്താവിന് വിഷം കൊടുക്കുമെന്ന് ഭയമുണ്ട്- അവർ കത്തിൽ പറഞ്ഞു. രാജ്യത്തിന്റെ മുൻ പ്രധാനമന്ത്രിയായതിനാൽ തന്റെ ഭർത്താവിനെ ജയിലിൽ വീട്ടിൽനിന്ന് പാകം ചെയ്ത ഭക്ഷണം കഴിക്കാൻ അനുവദിക്കണമെന്നും അവർ പറഞ്ഞു. 

48 മണിക്കൂറിനുള്ളിൽ ഖാന് എല്ലാ സൗകര്യങ്ങളും ഒരുക്കണമെന്ന് ജയിൽ മാന്വൽ ഉദ്ധരിച്ച്   മുൻ പ്രഥമ വനിത പറഞ്ഞു, എന്നാൽ 12 ദിവസം കഴിഞ്ഞിട്ടും അവ നൽകിയിട്ടില്ലെന്നും അവർ കുറ്റപ്പെടുത്തി. ജയിൽ ചട്ടങ്ങൾ അനുസരിച്ച്  സ്വകാര്യ ഡോക്ടറെക്കൊണ്ട് വൈദ്യപരിശോധന നടത്താൻ ഭർത്താവിന് അവകാശമുണ്ട്. ജയിൽ മാന്വൽ പ്രകാരം പിടിഐ മേധാവിക്ക് സൗകര്യങ്ങൾ ഒരുക്കാത്തത് അന്വേഷിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.

ഇമ്രാൻ ഖാന്  വിഷബാധയേറ്റാക്കമെന്ന് പിടിഐ കോർ കമ്മിറ്റിയും നേരത്തെ  സമാനമായ ആശങ്കകൾ പ്രകടിപ്പിക്കുകയും അദ്ദേഹത്തിന് വീട്ടിലുണ്ടാക്കുന്ന ഭക്ഷണവും വെള്ളവും നൽകാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

 

Latest News