ഇംഫാല്‍- മണിപ്പൂരിലെ മൊറേ ടൗണില്‍ മെയ് മുതല്‍ തുടരുന്ന അക്രമങ്ങളെത്തുടര്‍ന്ന് മ്യാന്‍മറില്‍ അഭയം പ്രാപിച്ച 212 മെയ്തികളെ തിരികെ കൊണ്ടുവന്നതായി മുഖ്യമന്ത്രി എന്‍. ബിരേന്‍ സിംഗ് പറഞ്ഞു. ഇവരെ സുരക്ഷിതമായി ഇന്ത്യന്‍ സൈന്യം സ്വന്തം മണ്ണിലെത്തിച്ചതായി അദ്ദേഹം പറഞ്ഞു.
89 സ്ത്രീകളും 37 കുട്ടികളും അടങ്ങുന്ന സംഘത്തെയാണ് കൊണ്ടുവന്നതെന്ന് സൈന്യം പറഞ്ഞു. അസം റൈഫിള്‍സിന്റെ മൊറെ ക്യാമ്പിലേക്കാണ് ഇവരെ കൊണ്ടുവന്നത്. വൈദ്യസഹായവും ഭക്ഷണവും ഭരണപരമായ കാര്യങ്ങളിലെ സഹായവും നല്‍കിയതായും സൈനിക വക്താവ് പറഞ്ഞു.
ഇന്ത്യക്കും മ്യാന്‍മറിനുമിടയിലെ 16 കിമീറ്റര്‍ പ്രദേശത്ത് ഇരുരാജ്യങ്ങളും തമ്മില്‍ പരസ്പര കൈമാറ്റ കരാര്‍ നിലവിലുണ്ട്. അതിര്‍ത്തിയിലൂടെ നിരവധി കുകി സംഘങ്ങള്‍ ഇന്ത്യക്കുള്ളില്‍ പ്രവേശിക്കുകയും അക്രമം നടത്തുകയും ചെയ്തതായും റിപ്പോര്‍ട്ടുണ്ട്.