തൊടുപുഴ- വീട് നിര്‍മിച്ച് നല്‍കാമെന്ന് പറഞ്ഞ് പണം മുന്‍കൂറായി വാങ്ങി കരാറുകാരന്‍ വഞ്ചിച്ചതായി പരാതി. പോലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ എട്ട് പേരില്‍ നിന്നായി ഏകദേശം 1.8 കോടി തട്ടിയെടുത്തിട്ടുണ്ടെന്നാണ് പരാതി. തൊടുപുഴയിലെ കരാറുകാരനായ കുഞ്ഞിക്കണ്ണനാണ് പണം തട്ടിയെടുത്തതെന്ന് ഇരയായവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഇടുക്കിയിലും സമീപ ജില്ലകളിലുമായി ഏതാനും വര്‍ഷം മുമ്പാണ് തട്ടിപ്പുകളുടെ തുടക്കം. കെട്ടിട നിര്‍മാണ കരാര്‍ ഏടുക്കുന്ന കുഞ്ഞിക്കണ്ണന്‍ ആദ്യഘട്ട പണികള്‍ നന്നായി ചെയ്ത് വീട്ടുടമസ്ഥന്റെ വിശ്വാസം നേടും. ശേഷം അഡ്വാന്‍സ് പണം ആവശ്യപ്പെടും. ഇയാളെ വിശ്വാസത്തിലെടുത്ത് വീട്ടുകാര്‍ പണം നല്‍കും. പണം കിട്ടിയാല്‍ പണി ഉഴപ്പുകയും പിന്നീട് മുങ്ങുകയുമാണ് പതിവ്. പണം നല്‍കിയതിന്റെ തെളിവുകള്‍ കൈവശമുണ്ടെന്ന് ഇരയായവര്‍ പറഞ്ഞു.
വാഴക്കുളം, മേലുകാവ്, വെള്ളാവൂര്‍, കുറുപ്പുംപടി സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ തട്ടിപ്പ് സംബന്ധമായ പരാതികള്‍ നല്‍കിയിട്ടുണ്ടെങ്കിലും ഇതുവരെ ഹാജരായിട്ടില്ല. പത്തനംതിട്ടയിലെ പെരുംപെട്ടി സ്റ്റേഷനില്‍ ജൂണ്‍ അഞ്ചിന് ഇയാള്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതിലും അറസ്റ്റ് ഉണ്ടായിട്ടില്ല. പണം നഷ്ടമായവരില്‍ പലരും കടക്കെണിയിലാണ്. വീടുപണി മുന്നോട്ട് നീങ്ങാത്തതിനാല്‍ ഹോം ലോണും മുടങ്ങി. തട്ടിപ്പിനിരയായവര്‍ തൊടുപുഴ പോലീസ് സ്റ്റേഷനില്‍ വെള്ളിയാഴ്ച സംയുക്ത പരാതി നല്‍കി. പത്രസമ്മേളനത്തില്‍ സരോജിനി അമ്മ, മേരി സാമുവല്‍, എ. വി ജോസഫ്, പി. ഐ ജോയി പങ്കെടുത്തു.