ന്യൂദൽഹി- 225 സിറ്റിംഗ് രാജ്യസഭാ എംപിമാരിൽ 75 പേർക്കെതിരെയും ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് റിപ്പോർട്ട്. ഇവരിൽ നാല് പേർ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ നേരിടുന്നുണ്ടെന്നും പുതിയ റിപ്പോർട്ട് വെളിപ്പെടുത്തുന്നു.233 രാജ്യസഭാ എംപിമാരിൽ 225 പേരുടെ ക്രിമിനൽ പശ്ചാത്തല വിശദാംശങ്ങൾ വിശകലനം ചെയ്ത് അപ്‌ഡേറ്റ് ചെയ്തതായി അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസും (എഡിആർ) നാഷണൽ ഇലക്ഷൻ വാച്ചും (ന്യൂ) റിപ്പോർട്ടിൽ പറഞ്ഞു.
നിലവിലെ രാജ്യസഭയിൽ ഒരു സീറ്റ് ഒഴിഞ്ഞുകിടക്കുകയാണ്. മൂന്ന് എംപിമാരുടെ സത്യവാങ്മൂലം ലഭ്യമല്ലാത്തതിനാലും ജമ്മു കശ്മീരിലെ നാല് സീറ്റുകൾ നികത്തപ്പെട്ടിട്ടില്ലെന്നും വിശകലനം ചെയ്തിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. 33 ശതമാനം എംപിമാരും തങ്ങൾക്കെതിരായ ക്രിമിനൽ കേസുകൾ വെളിപ്പെടുത്തിയിട്ടുണ്ട്.
രാജ്യസഭാ സിറ്റിംഗ് എംപിമാരിൽ 18 ശതമാനം വരുന്ന 41 പേർ ഗുരുതരമായ ക്രിമിനൽ കേസുകളും രണ്ട് എംപിമാർ കൊലപാതകവുമായി ബന്ധപ്പെട്ട കേസുകളും വെളിപ്പെടുത്തി. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് നാല് എംപിമാർ കേസുകൾ വെളിപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. നാലു എംപിമാരിൽ കെ.സി. വേണുഗോപാൽ ബലാത്സംഗവുമായി ബന്ധപ്പെട്ട കേസ് വെളിപ്പെടുത്തി. നാല് സിറ്റിംഗ് എംപിമാർ വധശ്രമവുമായി ബന്ധപ്പെട്ട് കേസുകൾ പ്രഖ്യാപിച്ചിട്ടുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി.
ക്രിമിനൽ കേസുകളുള്ള രാജ്യസഭാ എംപിമാരിൽ ഏറ്റവും കൂടുതൽ പേരുള്ളത് മഹാരാഷ്ട്രയിലാണ്. പിന്നാലെ ബിഹാറും ഉത്തർപ്രദേശുമുണ്ടെന്ന് റിപ്പോർട്ട് പറയുന്നു.