ബെംഗളൂരു- കര്‍ണാടകയില്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലേക്ക് പോയ നേതാക്കള്‍ കുറേശ്ശെയായി തിരിച്ചുവരുന്നു. വരുംദിവസങ്ങളില്‍ ചില ബി.ജെ.പി എം.എല്‍.എമാര്‍ കോണ്‍ഗ്രസ് ക്യാമ്പിലേക്ക് മടങ്ങിയെത്തിയേക്കും. 2019-ല്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യസര്‍ക്കാരിനെ അട്ടിമറിച്ച് ബി.ജെ.പി.യിലേക്ക് പോയ നേതാക്കളും ഇക്കൂട്ടത്തിലുണ്ടെന്നാണ് വിവരം. പാര്‍ട്ടിവിട്ടുപോയ നേതാക്കളെ ഘട്ടംഘട്ടമായി തിരിച്ചുകൊണ്ടുവരാനാണ് പാര്‍ട്ടി നേതൃത്വം അനുമതി നല്‍കിയതെന്നാണ് കര്‍ണാടക കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
പാര്‍ട്ടി പുനഃപ്രവേശം സംബന്ധിച്ച് ചില ബി.ജെ.പി എം.എല്‍.എമാര്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ എന്നിവരുമായി ചര്‍ച്ച നടത്തി. ലോക്സഭാ, ബെംഗളൂരു തദ്ദേശ തിരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കെയാണ് പാര്‍ട്ടിവിട്ടുപോയ പ്രമുഖ നേതാക്കളെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ കോണ്‍ഗ്രസില്‍ നടക്കുന്നത്. അതേസമയം, ലോക്‌സഭാതിരഞ്ഞെടുപ്പിനുമുമ്പ് പ്രതിപക്ഷത്തെ ഒട്ടേറെ നേതാക്കള്‍ കോണ്‍ഗ്രസിലെത്തുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ അടുത്തിടെ പറഞ്ഞിരുന്നു. ശിവകുമാറിനെ പ്രകീര്‍ത്തിച്ച് ബി.ജെ.പി യശ്വന്തപുര എം.എല്‍.എയും മുന്‍ സഹകരണമന്ത്രിയുമായ എസ്.ടി. സോമശേഖര്‍ നടത്തിയ പ്രസ്താവനയും കൂടുമാറ്റ നീക്കം സജീവമാണെന്ന അഭ്യൂഹം ശക്തിപ്പെടുത്തി.