ന്യൂദല്‍ഹി- 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി പ്രതിപക്ഷ കക്ഷികളുമായി സഖ്യമുണ്ടാക്കുന്നതു സംബന്ധിച്ച് തീരുമാനമെടുക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ചുമതലപ്പെടുത്തി. പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പു പ്രചാരണ സമിതിക്കു രാഹുല്‍ രൂപം നല്‍കുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി അശോഖ് ഘഹ്ലോട്ട് അറിയിച്ചു. തെരഞ്ഞെടുപ്പിനു മുമ്പും ശേഷം സ്വീകരിക്കേണ്ട സഖ്യ നിലപാട് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ യോഗം രാഹുലിനെ ചുമതലപ്പെടുത്തിയതായും അദ്ദേഹം അറിയിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ പ്രാദേശിക സാഹചര്യങ്ങള്‍ കണക്കിലെടുത്തുള്ള സഖ്യ രൂപീകരണത്തിനാണ് കോണ്‍ഗ്രസ് നീക്കം. എന്നാല്‍ മോഡിയുടെ നേതൃത്വത്തിലുള്ള കരുത്തരായ ബിജപിയെ സഖ്യ രൂപീകരണത്തില്‍ രാഹുലിന്റെ പക്കലുള്ള പുതിയ തന്ത്രം എന്തായിരിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
ജനങ്ങളുടെ വിശ്വാസം തിരിച്ചു പിടിക്കാന്‍ ഒരുമിച്ചു പ്രവര്‍ത്തിക്കണമെന്ന് രാഹുല്‍ പ്രവര്‍ത്തക സമിതി യോഗത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. പാര്‍ട്ടിയുടെ വോട്ട് അടിത്തറ വികസിപ്പിക്കലാണ് ഏറ്റവും വലിയ ജോലിയെന്നും പ്രവര്‍ത്തകരെ അദ്ദേഹം ഓര്‍മ്മിപ്പിച്ചു. 2019ലെ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളെ കുറിച്ചായിരുന്നു രാഹുല്‍ പ്രധാനമായും യോഗത്തില്‍ പറഞ്ഞത്. ഭൂത, വര്‍ത്തമാന, ഭാവി കാലങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാലമാണ് പുതിയ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയെന്നും അടിച്ചമര്‍ത്തപ്പെട്ട ഇന്ത്യക്കാര്‍ക്കൊപ്പമാണ് കോണ്‍ഗ്രസുകാര്‍ നില്‍ക്കേണ്ടതെന്നും രാഹുല്‍ പറഞ്ഞു.
ഓരോ മണ്ഡലത്തിലും നമുക്ക് വോട്ടു ചെയ്യാത്തവരെ കണ്ടെത്തി അവരുടെ വിശ്വാസം തിരിച്ചു പിടിക്കാനുള്ള തന്ത്രമാണ് മെനയേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി മുതിര്‍ന്ന നേതാക്കളായ സോണിയാ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ് തുടങ്ങി ഉന്നത നേതാക്കളും യോഗത്തില്‍ പങ്കെടുത്തു.