ന്യൂദൽഹി- പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകുന്നതിൽ സംസ്ഥാന സർക്കാരുകൾ വിവേചനം കാണിക്കരുതെന്നും എല്ലാ തടവുകാർക്കും നവീകരണത്തിനും സമൂഹ ജീവിതം പുനരാരംഭിക്കാനുമുള്ള അവസരം നൽകണമെന്നും ഗുജറാത്ത് സർക്കാരിനോട് സുപ്രീം കോടതി. 2002 ലെ ഗുജറാത്ത് കലാപത്തിനിടെ നടന്ന ൽക്കിസ് ബാനു കൂട്ടബലാത്സംഗക്കേസിലെ പ്രതികളെ ശിക്ഷാഇളവ് നൽകി മോചിപ്പിച്ച കേസിൽ വാദം കേൾക്കുന്നതിനെയാണ് സുപ്രീം കോടതിയുടെ പരാമർശം.
ഗുജറാത്ത് സർക്കാരിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജു സമർപ്പിച്ച വാദത്തിന് മറുപടിയായാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. 11 കുറ്റവാളികൾ ചെയ്ത കുറ്റകൃത്യം നിന്ദ്യമായതാണെങ്കിലും അപൂർവത്തിൽ അപൂർവ വിഭാഗത്തിൽ പെടുന്നില്ലെന്നും അതിനാൽ, അവർ നവീകരണത്തിനുള്ള അവസരം അർഹിക്കുന്നുവെന്ന് അഡിഷണൽ സോളിസിറ്റർ ജനറൽ ചൂണ്ടിക്കാട്ടി.ഒരു വ്യക്തി കുറ്റം ചെയ്തിരിക്കാം...ഒരു പ്രത്യേക നിമിഷത്തിൽ എന്തെങ്കിലും തെറ്റ് സംഭവിച്ചിരിക്കാം. പിന്നീട്, അനന്തരഫലങ്ങൾ മനസ്സിലാക്കാൻ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജയിലിലെ അവരുടെ പെരുമാറ്റത്തിൽ നിന്ന് ഇത് പ്രധാനമായും നിർണ്ണയിക്കാനാകും. തങ്ങൾ ചെയ്തത് തെറ്റാണെന്ന് അവർ തിരിച്ചറിഞ്ഞുവെന്നാണ് ഇതെല്ലാം കാണിക്കുന്നത്. എല്ലാവരെയും ശാശ്വതമായി ശിക്ഷിക്കണമെന്നല്ല നിയമം. നവീകരണത്തിന് അവസരം നൽകണം-രാജു പറഞ്ഞു.
ജയിലിൽ കഴിയുന്ന മറ്റ് തടവുകാർക്ക് ഈ നിലപാട് എത്രത്തോളം ബാധകമാണെന്ന് വാദത്തോട് പ്രതികരിച്ചുകൊണ്ട് ജസ്റ്റിസുമാരായ ബി വി നാഗരത്ന, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു. എന്തുകൊണ്ടാണ് നമ്മുടെ ജയിലുകൾ തിങ്ങിനിറഞ്ഞിരിക്കുന്നതെന്നും എന്തുകൊണ്ടാണ് ശിക്ഷാ ഇളവ് നയം ചിലർക്ക് മാത്രം പ്രയോഗിക്കുന്നതെന്നും കോടതി ചോദിച്ചു.
നവീകരണത്തിനും പുനഃസംയോജനത്തിനുമുള്ള അവസരം കുറച്ച് തടവുകാർക്ക് മാത്രമല്ല, ഓരോ തടവുകാരനും നൽകണം. കുറ്റവാളികൾ 14 വർഷം പൂർത്തിയാക്കിയിടത്ത് എത്രത്തോളം ശിക്ഷാ ഇളവ് നയം നടപ്പാക്കുന്നു? എല്ലാ സാഹചര്യങ്ങളിലും ഇത് പ്രയോഗിക്കുന്നുണ്ടോ? എസ്.വി രാജുവിനോട് ബെഞ്ച് ചോദിച്ചു.
എല്ലാ സംസ്ഥാനങ്ങളും ഈ ചോദ്യത്തിന് ഉത്തരം നൽകണമെന്നും റിമിഷൻ പോളിസി ഓരോ സംസ്ഥാനത്തിനും വ്യത്യസ്തമാണെന്നും എഎസ്ജി മറുപടി നൽകി. 14 വർഷം പൂർത്തിയാക്കിയ, അതിന് അർഹതയുള്ള എല്ലാവരുടെയും കാര്യത്തിൽ അകാല മോചന നയം ഒരേപോലെ നടപ്പാക്കുന്നുണ്ടോ എന്നതാണ് ചോദ്യം. റുദുൽ ഷായെപ്പോലുള്ള കേസുകളുണ്ട്. കുറ്റവിമുക്തനാക്കപ്പെട്ടെങ്കിലും അദ്ദേഹം ജയിലിൽ തന്നെ തുടർന്നു.
1953-ൽ ഭാര്യയെ കൊലപ്പെടുത്തിയതിനാണ് റുദുൽ ഷാ അറസ്റ്റിലായത്. 1968 ജൂൺ 3-ന് സെഷൻസ് കോടതി കുറ്റവിമുക്തനാക്കിയിട്ടും വർഷങ്ങളോളം ജയിലിൽ കിടന്നു. ഒടുവിൽ 1982-ലാണ് മോചിതനായത്.
ബിൽക്കിസ് ബാനു കേസിൽ 11 പ്രതികളുടെ ശിക്ഷാ ഇളവ് സംബന്ധിച്ച് സിബിഐ നൽകിയ അഭിപ്രായമാണ് എഎസ്ജി സമർപ്പിച്ചത്. ചെയ്ത കുറ്റം നിന്ദ്യവും ഗുരുതരവുമാണ്. അതിനാൽ കുറ്റവാളികളെ അകാലത്തിൽ മോചിപ്പിക്കാൻ കഴിയില്ല, അവർക്ക് ശിക്ഷ ഇളവ് നൽകാനാവില്ലെന്നും സിബിഐ പറഞ്ഞു. അവർ വസ്തുതകൾ വിവരിക്കുക മാത്രമാണ് ചെയ്യുന്നത്. കുറ്റം ഹീനമാണെന്ന് പ്രസ്താവിച്ചതല്ലാതെ ഒന്നും പരാമർശിച്ചിട്ടില്ല. മുംബൈയിൽ ഇരിക്കുന്ന ഉദ്യോഗസ്ഥന് ഗ്രൗണ്ട് റിയാലിറ്റിയെ കുറിച്ച് അറിവില്ല. ഈ കേസിൽ സി.ബി.ഐ ഉദ്യോഗസ്ഥനേക്കാൾ ഉപകാരപ്പെടുന്നത് ലോക്കൽ പോലീസ് സൂപ്രണ്ടിന്റെ അഭിപ്രായമാണ്.
സി.ബി.ഐയുടെ അഭിപ്രായത്തിന് യാതൊരു പ്രസക്തിയുമില്ല. അവർ വസ്തുതകൾ ആവർത്തിക്കുകയും അത് ഹീനമായ കുറ്റകൃത്യമാണെന്ന് പറയുകയും ചെയ്തു. ഹീനമായ കുറ്റകൃത്യം ചെയ്യുന്നത് മോചനത്തിന്റെ ആനുകൂല്യം ലഭിക്കുന്നതിൽ നിന്ന് തടയാൻ പാടുണ്ടോ എന്ന് രാജു ചോദിച്ചു. കേസിൽ 24ന് വാദം പുനരാരംഭിക്കും.
2002ലെ ഗുജറാത്ത് കലാപത്തിനിടെ ബിൽക്കിസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും അവരുടെ ഏഴ് കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്തത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യമാണെന്ന് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര സുപ്രീം കോടതിയെ അറിയിച്ചിരുന്നു. കേസിലെ 11 പ്രതികൾക്ക് ഇളവ് അനുവദിച്ചുകൊണ്ട് സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള ഭരണഘടനാപരമായ ഉത്തരവ് നടപ്പിലാക്കുന്നതിൽ പരാജയപ്പെട്ടുവെന്നും അവർ ചൂണ്ടിക്കാണിച്ചു.
പ്രതികൾക്ക് അനുവദിച്ച ഇളവിനെതിരെ ബിൽക്കിസ് ബാനും സമർപ്പിച്ച ഹരജിക്ക് പുറമെ, സിപിഎം നേതാവ് സുഭാഷിണി അലി, സ്വതന്ത്ര മാധ്യമപ്രവർത്തക രേവതി ലൗൾ, ലഖ്‌നൗ സർവകലാശാല മുൻ വൈസ് ചാൻസലർ രൂപ് രേഖ വർമ എന്നിവർ ഉൾപ്പെടെ നിരവധി പൊതുതാൽപര്യ ഹരജികളും ഫയൽ ചെയ്തിട്ടുണ്ട്. ഇളവിനെതിരെ മൊയ്ത്രയും പൊതുതാൽപര്യ ഹരജി നൽകി.
ഗോധ്ര ട്രെയിൻ കത്തിച്ച സംഭവത്തിന് ശേഷം പൊട്ടിപ്പുറപ്പെട്ട വർഗീയ കലാപത്തിൽ നിന്ന് രക്ഷപ്പെടുന്നതിനിടെ കൂട്ടബലാത്സംഗത്തിന് ഇരയാകുമ്പോൾ ബിൽക്കിസ് ബാനുവിന് 21 വയസ്സായിരുന്നു പ്രായം. അഞ്ച് മാസം ഗർഭിണിയുമായിരുന്നു. കലാപത്തിൽ കൊല്ലപ്പെട്ട ഏഴ് കുടുംബാംഗങ്ങളിൽ അവരുടെ മൂന്ന് വയസ്സുള്ള മകളും ഉൾപ്പെടുന്നു.