ന്യൂദല്‍ഹി- 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി സംഘപരിവാര്‍ നിയന്ത്രണത്തിലുള്ള ബിജെപിക്കെതിരെ രാഷ്ട്രീയ സഖ്യം ശക്തിപ്പെടുത്താന്‍ കോണ്‍ഗ്രസ് പ്രതിജ്ഞാബദ്ധമാണെന്ന് മുന്‍ അധ്യക്ഷയും മുതിര്‍ന്ന നേതാവുമായി സോണിയ ഗാന്ധി. രാഹുല്‍ ഗാന്ധി പാര്‍ട്ടി അധ്യക്ഷനായ ശേഷം പുനസ്സംഘടിപ്പിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയുടെ പ്രഥമ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. നരേന്ദ്ര മോഡി സര്‍ക്കാരിനെതിരെ രൂക്ഷമായാണ് സോണിയ പ്രതികരിച്ചത്. മോഡിയുടെ സംസാരങ്ങളില്‍ അദ്ദേഹത്തിന്റെ നിരാശ പ്രകടമാണെന്നും ബിജെപി സര്‍ക്കാരിന്റെ നാളുകള്‍ എണ്ണപ്പെട്ടു കഴിഞ്ഞുവെന്നും സോണിയ പറഞ്ഞു.
ഇന്ത്യയിലെ പാവപ്പെട്ടവരേയും അശരണരേയും ബാധിച്ച ഭയത്തില്‍ നിന്നും നിരാശയില്‍ നിന്നും അവരെ രക്ഷിക്കേണ്ടതുണ്ട്. ഈ അപകടകരമായ ഭരണകൂടത്തില്‍ നിന്നും നമ്മുടെ ജനങ്ങളെ രക്ഷപ്പെടുത്തണം. ഇതിനായി ശക്തമായ രാഷ്ട്രീയ കൂട്ടുകെട്ട് ഉണ്ടാക്കാന്‍ കോണ്‍ഗ്രസ് പ്രതിജ്ഞാബദ്ധമാണെന്നും അവര്‍ പറഞ്ഞു. പുതിയ പ്രവര്‍ത്തക സമിതി ശനിയാഴ്ച പ്രധാനമായും ചര്‍ച്ച ചെയതതും 2019 തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സഖ്യ സംബന്ധിച്ചായിരുന്നു. സഖ്യത്തിന്റെ നേതൃസ്ഥാനത്ത് കോണ്‍ഗ്രസും രാഹുല്‍ ഗാന്ധി മുഖവുമായിരിക്കണമെന്ന് പല നേതാക്കളും ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു.
ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പുള്ള അവസാനത്തെ പാര്‍ലമെന്റിന്റെ സമ്പൂര്‍ണ സമ്മേളനമാണ് ഇപ്പോള്‍ നടന്നു വരുന്ന വര്‍ഷക്കാല സമ്മേളനം. കഴിഞ്ഞ ദിവസം പ്രതിപക്ഷം കൊണ്ടു വന്ന അവിശ്വാസ പ്രമേയ ചര്‍ച്ചയോടെ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തിന് മൂര്‍ച്ഛകൂടി. പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തില്‍ മോഡി സര്‍ക്കാരിന്റെ പൊള്ളവാദങ്ങല്‍ ഓരോന്നും തുറന്നു കാട്ടിയത് പാര്‍ട്ടിക്ക് ആവേശം പകര്‍ന്നിട്ടുണ്ട്.