തിരുവനന്തപുരം- മുഖ്യമന്ത്രിക്കെതിരായ വേട്ടയുടെ ഒടുവിലത്തെ അധ്യായമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് മന്ത്രി വി. ശിവന്‍കുട്ടി. നിയമപരമായി തൊഴില്‍ ചെയ്ത് ജീവിക്കാനുള്ള വ്യക്തി സ്വാതന്ത്ര്യത്തോടുള്ള വെല്ലുവിളിയാണ് മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരായി ഉയര്‍ത്തുന്ന ആരോപണങ്ങള്‍. എന്തും പറയാമെന്ന യുഡിഎഫിന്റെ നെറികെട്ട രാഷ്ട്രീയത്തിന്റെ തെളിവാണ് ഇതെന്നും മന്ത്രി പറഞ്ഞു.
'നട്ടാല്‍ കുരുക്കാത്ത എത്ര നുണകള്‍ ആണ് മുഖ്യമന്ത്രിയ്ക്കും കുടുംബത്തിനും എതിരെ രാഷ്ട്രീയ വൈരികള്‍ ഉന്നയിച്ചിട്ടുള്ളത്. ഏതെങ്കിലും തെളിയിക്കാന്‍ ആരോപണം ഉന്നയിച്ചവര്‍ക്ക് ആയോ? മുഖ്യമന്ത്രിയെയും അതുവഴി ഇടതുപക്ഷ ജനാധിപത്യ മുന്നണിയെയും തകര്‍ക്കാനുള്ള ശ്രമങ്ങള്‍ ആണ് ഇതെന്ന് ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്. നുണകളുടെ എത്ര കൊടുങ്കാറ്റ് വന്നാലും മുന്നണിയെ തകര്‍ക്കാന്‍ ആകില്ല എന്നതിന്റെ തെളിവാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം.' എന്നിട്ടും പരിഹാസ്യമായ ശ്രമങ്ങള്‍ തുടരുകയാണ് പ്രതിപക്ഷമെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.
അതേസമയം, വീണാ വിജയന്റെ എക്‌സാലോജിക്കുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് ഇന്നും മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചില്ല. ഭാര്യയുടെ കമ്പനിയുമായി ബന്ധപ്പെട്ട വിവാദം സംബന്ധിച്ച് ചോദ്യം ഉന്നയിച്ച മാധ്യമ പ്രവര്‍ത്തകനോട്, 'ആ കാര്യം ചോദിക്കാനാണ് ഇയാള്‍ വന്നതെന്ന് മനസിലായി' എന്നു മാത്രമായിരുന്നു മന്ത്രിയുടെ പ്രതികരണം. നവീകരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ മാനവീയം വീഥിയിലെത്തിയപ്പോഴായിരുന്നു മന്ത്രി ഇങ്ങനെ പ്രതികരിച്ചത്. മന്ത്രി ആന്റണി രാജുവും മുഹമ്മദ് റിയാസിനൊപ്പം ഉണ്ടായിരുന്നു. ഇടതുപക്ഷത്തോടുള്ള വിരോധത്തിന്റെ പേരില്‍ വീണ എന്ന പാവം പെണ്‍കുട്ടിയെ പ്രതിപക്ഷം ആക്രമിക്കുകയാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ കഴിഞ്ഞദിവസം പറഞ്ഞിരുനന്നു. വീണ വാങ്ങിയത് കണ്‍സള്‍ട്ടന്‍സി ഫീസ് തന്നെയാണ്. എത്ര കേന്ദ്രമന്ത്രിമാരുടെ മക്കള്‍ കണ്‍സള്‍ട്ടന്‍സി ഫീസ് വാങ്ങുന്നുണ്ടെന്നും ഇ പി ചോദിച്ചിരുന്നു.