Sorry, you need to enable JavaScript to visit this website.

മകന്‍ ബുദ്ധമതക്കാരിയെ വിവാഹം ചെയ്തു; പിതാവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി ബി. ജെ. പി

ശ്രീനഗര്‍- ബുദ്ധമത വിശ്വാസിയായ പെണ്‍കുട്ടിയെ മകന്‍ വിവാഹം ചെയ്തതിന് പിതാവിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി ബി. ജെ. പി. സംസ്ഥാന വൈസ് പ്രസിഡന്റ് നസീര്‍ അഹമ്മദിനെ (74)യാണ് പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയത്. ഒരു മാസം മുമ്പാണ് നസീറിന്റെ മകന്‍ ബുദ്ധമത വിശ്വാസിയായ യുവതിയുമായി ഒളിച്ചോടിയത്.

സംഭവത്തില്‍ അഹമ്മദിനോട് വിശദീകരണം തേടിയതിന് ശേഷമാണ് നടപടി സ്വീകരിച്ചതെന്ന് ബി. ജെ. പി ലഡാക്ക് യൂണിറ്റ് പ്രസ്താവനയില്‍ പറഞ്ഞു. എക്‌സിക്യൂട്ടീവ് യോഗത്തിന് ശേഷം ലഡാക്ക് ബി. ജെ. പി അധ്യക്ഷന്‍ ഫഞ്ചോക്ക് സ്റ്റാന്‍സിനാണ് പുറത്താക്കല്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

ലഡാക്കിലെ ജനങ്ങള്‍ക്കിടയിലുള്ള സാമുദായിക ഐക്യത്തെ അപകടത്തിലാക്കും എന്ന പ്രസ്താവന പുറത്തിറക്കിയാണ് ബി. ജെ. പി നസീര്‍ അഹമ്മദിനെ പുറത്താക്കിയത്. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നതിന് മുമ്പ് മകനെ കണ്ടെത്താനായില്ലെങ്കില്‍ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായി അഹമ്മദ് പറഞ്ഞു.

തന്റെ മകന്‍ മന്‍സൂര്‍ അഹമ്മദും ബുദ്ധമതക്കാരിയായ യുവതിയുമായുള്ള വിവാഹത്തിന് തന്റെ കുടുംബവും അനുകൂലമല്ലെന്നും കഴിഞ്ഞ ഒരു മാസമായി അവര്‍ എവിടെയാണ് താമസിക്കുന്നതെന്ന് തനിക്കറിയില്ലെന്നും അഹമ്മദ് പറയുന്നു. മകനും യുവതിയും കോടതിയില്‍ വിവാഹിതരായപ്പോള്‍ താന്‍ സൗദി അറേബ്യയില്‍ ഹജ്ജ് തീര്‍ഥാടനത്തിലായിരുന്നെന്നും കുടുംബം മുഴുവന്‍ മകന്റെ വിവാഹത്തിന് എതിരായിട്ടും പാര്‍ട്ടി തന്നെ കുറ്റപ്പെടുത്തുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും നസീര്‍ അഹമ്മദ് പറഞ്ഞു.

Latest News