ദുബായ്- ഫുട്‌ബോള്‍ മൈതാനങ്ങളില്‍ ആരാധകര്‍ക്ക് നിയന്ത്രണവുമായി സൗദി അറേബ്യക്ക് പിന്നാലെ യു.എ.ഇയും രംഗത്തെത്തി. വെള്ളിയാഴ്ച യു.എ.ഇയില്‍ പ്രൊഫഷണല്‍ ഫുട്‌ബോള്‍ ലീഗ് ആരംഭിക്കുന്നതിന്റെ മുന്നോടിയായാണ് ദുബായ് പോലീസിന്റെ മുന്നറിയിപ്പ്. അക്രമത്തില്‍ ഏര്‍പ്പെടുന്ന ആരാധകര്‍ക്ക് 30,000 ദിര്‍ഹം വരെ പിഴ ചുമത്തുമെന്ന് പോലീസ് പറഞ്ഞു.
വെളളിയാഴ്ച ആരംഭിക്കുന്ന അഡ്നോക് പ്രോ ലീഗിന് മുന്നോടിയായുള്ള പ്രചാരണത്തിന്റെ ഭാഗമായാണ് ആരാധകരുടെ കടന്നുകയറ്റത്തിന് തടയിടാന്‍ പുതിയ പിഴ ഏര്‍പ്പെടത്തിയത്. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് പ്രൊട്ടക്റ്റീവ് സെക്യൂരിറ്റി ആന്‍ഡ് എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ മേജര്‍ ജനറല്‍ റാഷിദ് ഖലീഫ അല്‍ ഫലാസി ആരാധകര്‍ പാലിക്കേണ്ട നിയമങ്ങള്‍ വിശദീകരിച്ചു.
അനുമതിയില്ലാതെ കളിക്കളത്തിലേക്കോ നിയുക്ത സ്‌പോര്‍ട്‌സ് ഇവന്റ് ഏരിയയിലേക്കോ പ്രവേശിക്കുന്നതില്‍നിന്നാണ് നിരോധനം. നിരോധിതമോ അപകടകരമോ ആയ പദാര്‍ത്ഥങ്ങള്‍, പ്രത്യേകിച്ച് പടക്കങ്ങള്‍ കൊണ്ടുവരാനോ കൈവശം വയ്ക്കാനോ പാടില്ല. ആയുധങ്ങള്‍ കൊണ്ടുപോകരുത്. അനുവദിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ മാത്രം ഇരിക്കണം.
നിയമങ്ങള്‍ ലംഘിച്ചാല്‍ ഒന്ന് മുതല്‍ മൂന്ന് മാസം വരെ തടവും 5,000 ദിര്‍ഹം മുതല്‍ 30,000 ദിര്‍ഹം വരെ പിഴയും ലഭിക്കാം.