കൊച്ചി - കഴിഞ്ഞ ഓണത്തിന് തൃക്കാക്കര നഗരസഭയിലെ ഓണക്കിഴി വിവാദത്തില്‍ നഗരസഭ മുന്‍ ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ഗൂഢാലോചന, അഴിമതി അടക്കമുള്ള വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. കഴിഞ്ഞ ഓണത്തിന് നഗരസഭയില്‍ ഓണക്കോടിക്കൊപ്പം കൗണ്‍സിലര്‍മാര്‍ക്ക് ചെയര്‍പേഴ്‌സണ്‍ 10,000 രൂപയും സമ്മാനിച്ചിരുന്നു. കവറിലിട്ടാണ് പണം നല്‍കിയത്. ഇത് അനധികൃതമായി പിരിച്ചതാണെന്ന് ബോധ്യം വന്ന കൗണ്‍സിലര്‍മാരില്‍ ചിലര്‍ പണം തിരിച്ചു നല്‍കുകയും വിജിലന്‍സില്‍ പരാതി നല്‍കുകയുമായിരുന്നു. ഈ സംഭവം വലിയ വിവാദമാകുകയും ചെയ്തു. ഓണാഘോഷത്തിനായി റവന്യൂ ഇന്‍സ്‌പെക്ടര്‍ പ്രകാശ് കുമാറാണ് പണം പിരിച്ചതെന്ന് വിജിലന്‍സ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. മൂന്ന് കടകളില്‍ നിന്ന് കൃത്രിമ ബില്ല് ഉപയോഗിച്ച് 2.10 ലക്ഷം രൂപ പിരിച്ചുവെന്നും ഈ പണം കൗണ്‍സിലര്‍മാര്‍ക്ക് കവറില്‍ വീതിച്ച് നല്‍കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. കോണ്‍ഗ്രസില്‍ നിന്നുള്ള ചെയര്‍പേഴ്‌സണായിരുന്ന അജിത തങ്കപ്പന്‍ ആരോപണം ഉയര്‍ന്നപ്പോഴും രാജിവെച്ചിരുന്നില്ല. നേരത്തെയുണ്ടാക്കിയ ധാരണ പ്രകാരം പിന്നീട് രണ്ടര വര്‍ഷം കഴിഞ്ഞപ്പോള്‍ സ്ഥാനം ഒഴിയുകയാണുണ്ടായത്.