ബംഗളുരു- നഗരത്തിലെ സമ്പന്നരുടേയും ഉന്നതരുടേയും കേന്ദ്രമായ ബൗറിങ് ഇന്‍സ്റ്റിറ്റിയൂട്ട് ക്ലബിലെ ലോക്കറുകളില്‍ നിന്ന് 550 കോടി രൂപ മൂല്യമുള്ള സ്വര്‍ണവും പണവും ആഢംബര വാച്ചുകളും ഭൂമി രേഖകളും കണ്ടെടുത്തു. ഉപയോഗിക്കാത്ത ലോക്കറുകള്‍ ഒഴിപ്പിക്കുന്ന നടപടിക്കിടെയാണ് വന്‍ സ്വത്ത് ശേഖരം കണ്ടെത്തിയത്. 1993 മുതല്‍ ക്ലബ് അംഗമായ ആളുടെ പേരിലുള്ള മൂന്ന് ലോക്കറുകളിലായിരുന്നു ഇവ ഒളിപ്പിച്ചിരുന്നത്. ആദായ നികുതി, എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ ഇവര്‍ പിടിച്ചെടുത്തു. ഇതിനു തൊട്ടുപിറകെ രേഖകള്‍ തിരികെ നല്‍കിയാല്‍ കോടികള്‍ പ്രതിഫലമായി നല്‍കാമെന്ന വാഗ്ദാനവുമായി ചിലര്‍ സമീപിച്ചതായും ക്ലബ് സെക്രട്ടറി പറഞ്ഞു.
ദീര്‍ഘകാലമായി ഉപയോഗിക്കാതെ കിടക്കുന്ന ലോക്കറുകള്‍ വര്‍ഷങ്ങള്‍ കൂടുമ്പോള്‍ ഉടമകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയ ശേഷം ഒഴിപ്പിക്കാറുണ്ട്. 2010-ലാണ് അവസാനമായി ഒഴിപ്പിക്കല്‍ നടപടി സ്വീകരിച്ചത്. എട്ടു വര്‍ഷങ്ങള്‍ക്കും ശേഷം വ്യാഴാഴ്ചയായിരുന്നു ഈ നടപടി. അവിനാശ് അമര്‍ലാല്‍ കുക്രെജ എന്നയാളുടെ പേരിലുള്ള മൂന്ന് ലോക്കറികളില്‍ നിന്നാണ് പണവും ആഭരണങ്ങളും പിടിച്ചെടുത്തത്. നാലു വര്‍ഷത്തോളമായി കുക്രെജയാണ് ഈ ലോക്കറുകള്‍ ഉപയോഗിക്കുന്നത്. ഇദ്ദേഹത്തിന്റെ പേരിലുള്ള മൂന്ന് ലോക്കറുകളില്‍ നിന്ന് മൂന്ന് ബാഗുകളിലായി 3.90 കോടി രൂപ പണമായും 7.80 കോടി മൂല്യമുള്ള ആഭരണങ്ങളും 650 ഗ്രാം സ്വര്‍ണവും 15 ലക്ഷം രൂപ വിലയുള്ള റോളക്‌സ് വാച്ചും 3.-35 ലക്ഷം രൂപ വിലയുള്ള പെഷോ വാച്ചുമാണ് ബാഗുകളിലുണ്ടായിരുന്നത്. ഇതിനു പുറമെ കോടികള്‍ വിലമതിക്കുന്ന 24 ഏക്കര്‍ ഭൂമിയുടെ അവകാശ രേഖകളും കണ്ടെടുത്തു. ഇവ പിടികൂടിയ ഉദ്യോഗസ്ഥര്‍ കുക്രെജയുടെ വീട്ടിലും ഓഫീസുകളിലും റെയ്ഡ് നടത്തി.
ഇവയെല്ലാം നികുതി വകുപ്പു ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തെങ്കിലും ഭൂ രേഖകള്‍ ആവശ്യപ്പെട്ട് കുക്രെജ വീണ്ടു സമീപിച്ചതായി ക്ലബ് സെക്രട്ടറി എച്ച്.എസ് ശ്രീകാന്ത് പറഞ്ഞു. പണവും ആഭരണവുമെല്ലാം പിടിച്ചെടുത്തോളൂവെന്നും ഭൂമിയുടെ രേഖകള്‍ തിരികെ നല്‍കണമെന്നും ആവശ്യപ്പെട്ട് കുക്രെജ തന്റെ കാല്‍ക്കല്‍ വീണതായും ശ്രീകാന്ത് പറഞ്ഞു. ഈ ഭൂ രേഖകള്‍ തിരികെ നല്‍കിയാല്‍ അഞ്ചു കോടി രൂപ നല്‍കാമെന്ന വാഗ്ദാനവുമായി മറ്റു ചിലര്‍ തന്നെ സമീപിച്ചതായും ദ്ദേഹം പറഞ്ഞു. ഏറെ കാലമായി തങ്ങള്‍ അന്വേഷിച്ചു വരികയായിരുന്നു ഭൂ രേഖകളാണിതെന്ന് ആദായ നികുതി, ഇ.ഡി ഉദ്യോഗസ്ഥര്‍ പറഞ്ഞതായും ശ്രീകാന്ത് പറയുന്നു. കുക്രെജ സ്ഥിരമായി ക്ലബിലെത്തുന്ന ആളല്ലെന്നും ലോക്കറുകള്‍ ദുരുപയോഗം ചെയ്തതിന് ഇദ്ദേഹത്തിനെതിരെ നടപടി എടുക്കുമെന്നും ക്ലബ് അധികൃതര്‍ അറിയിച്ചു.