ന്യൂദല്‍ഹി- രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ പ്രശസ്തി അദ്ദേഹത്തിന്റെ പേരിലല്ല, രാജ്യത്തിന്റെ ഉന്നമനത്തിനായി അദ്ദേഹം ചെയ്ത കാര്യങ്ങളിലാണ് എന്ന് രാഹുല്‍ ഗാന്ധി. ഡല്‍ഹിയിലെ നെഹ്റു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറി പ്രധാനമന്ത്രി സ്മാരക മ്യൂസിയം ആന്റ് ലൈബ്രറി എന്ന് പുനര്‍നാമകരണം ചെയ്തതുമായി ബന്ധപ്പെട്ട വിഷയത്തിലായിരുന്നു രാഹുലിന്റെ പ്രതികരണം. 'തന്റെ മുത്തച്ഛന്‍ ഏറെ പേരുകേട്ടയാളാണ്, ആദ്ദേഹം ചെയ്ത കാര്യങ്ങളാണ് അദ്ദേഹത്തിന് ജന ഹൃദയങ്ങളില്‍ ഇടം നേടിക്കൊടുത്തത്, രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ലേയിലേയ്ക്ക് പുറപ്പെടും മുന്‍പ് ദല്‍ഹി വിമാനത്താവളത്തില്‍ എഎന്‍ഐയോട് സംസാരിക്കവെ ആണ് രാഹുല്‍ ഇപ്രകാരം അഭിപ്രായപ്പെട്ടത്. കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് നെഹ്റു മെമ്മോറിയല്‍ മ്യൂസിയത്തിന്റെ പേര് പ്രധാനമന്ത്രി മ്യൂസിയം ആന്‍ഡ് ലൈബ്രറി എന്നാക്കി മാറ്റാനുള്ള തീരുമാനം കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടത്. ഇതേചൊല്ലി ബിജെപിയും പ്രതിപക്ഷ പാര്‍ട്ടികളും തമ്മില്‍ ശക്തമായ വാക്പോര് നടന്നിരുന്നു.