ബംഗളൂരു- പന്ത്രണ്ടുപേരെ ഹണിട്രാപ്പില്‍ കുടുക്കിയ മോഡല്‍ അറസ്റ്റില്‍. മുംബയ് ആസ്ഥാനമായുള്ള മോഡലായ നേഹ മെഹര്‍ (27) ആണ് അറസ്റ്റിലായത്. ബംഗളൂരുവില്‍ തന്നെയാണ് നേഹയും സംഘവും ഹണി ട്രാപ്പ് ഓപ്പറേഷനുകള്‍ നടത്തി വന്നിരുന്നത്. സമൂഹമാദ്ധ്യമത്തിലൂടെ പരിചയപ്പെട്ടതിനുശേഷം ഫ്‌ളാറ്റിലേയ്ക്ക് വിളിച്ചുവരുത്തി കുരുക്കുകയായിരുന്നു രീതി. 20നും 50നും ഇടയില്‍ പ്രായമുള്ളവരായിരുന്നു നേഹയുടെ കെണിയില്‍ കുടുങ്ങിയത്. ഇവരില്‍ കൂടുതലും 25നും 30നും ഇടയില്‍ പ്രായമുള്ളവരായിരുന്നു. ടെലഗ്രാമിലൂടെയാണ് നേഹ ഇരകള്‍ക്ക് വേണ്ടി വലവിരിക്കുന്നത്. സൗഹൃദം സ്ഥാപിച്ചതിനുശേഷം ഇവരെ ബംഗളൂരുവിലെ ജെ പി നഗറിലുള്ള വസതിലേയ്ക്ക് ക്ഷണിക്കും. ബിക്കിനി ധരിച്ചാണ് പുരുഷന്മാരെ അകത്തേയ്ക്ക് ക്ഷണിക്കുന്നത്. അകത്തുകയറിയ ഉടന്‍ തന്നെ ഇരകളോടൊപ്പം സെല്‍ഫിയെടുക്കും.
പിന്നീടുള്ള ദൃശ്യം പകര്‍ത്താന്‍ നേഹയുടെ സംഘം തയ്യാറായിരിക്കും. പിന്നാലെ ഇരയുടെ ഫോണ്‍ തട്ടിയെടുത്ത് കോണ്‍ടാക്ട് ലിസ്റ്റില്‍ നിന്ന് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും നമ്പറുകള്‍ ശേഖരിക്കും. തുടര്‍ന്ന് പണം ആവശ്യപ്പെടും. നല്‍കിയില്ലെങ്കില്‍ ദൃശ്യങ്ങള്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തും. തന്നെ വിവാഹം കഴിക്കണമെന്നും ആവശ്യപ്പെടും. ഇതോടെ ഇരകള്‍ ചോദിച്ച പണം നല്‍കി രക്ഷപ്പെടും. ഇരകളില്‍ ഒരാള്‍ പോലീസില്‍ പരാതി നല്‍കിയതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്.
ബംഗളൂരു പുട്ടനഹള്ളിയിലെ പോലീസ് സ്റ്റേഷനിലാണ് പ്രധാന പ്രതിയായ നേഹ മെഹറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കൂട്ടുപ്രതികളായ യാസിന്‍, പ്രകാശ്, ബലിഗര, അബ്ദുള്‍ ഖാദര്‍ എന്നിവര്‍ നേരത്തെ പിടിയിലായിരുന്നു. മറ്റൊരു പ്രതിയായ നദീമിനായി തെരച്ചില്‍ തുടരുകയാണ്. കൂടുതല്‍ ഇരകള്‍ ഹണിട്രാപ്പില്‍ അകപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കുകയാണെന്നും പോലീസ് പറഞ്ഞു.