Sorry, you need to enable JavaScript to visit this website.

വിദഗ്ധരെ യു.എ.ഇ കൈവിടില്ല; വിസാ പരിഷ്‌കാരങ്ങള്‍ക്ക് ഒരുങ്ങി

ദുബായ്- യു.എ.ഇ മന്ത്രിസഭ മെയ്, ജൂണ്‍ മാസങ്ങളില്‍ പ്രഖ്യാപിച്ച വിസാ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കാന്‍ സജ്ജമായതായി ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് (ഐ.സി.എ) അധികൃതര്‍ അറിയിച്ചു. പ്രഗത്ഭ്യവും പ്രാവിണ്യവും തെളിയിച്ച വ്യക്തികള്‍ക്ക് പത്ത് വര്‍ഷ വിസയും നിലവിലെ താമസ വിസാ ചട്ടങ്ങളിലുള്ള മാറ്റങ്ങളുമാണ് കാബിനറ്റ് പ്രധാനമായും അംഗീകരിച്ചിരുന്നത്. ഇവ നടപ്പിലാക്കുന്നതിന് പൂര്‍ണ സജ്ജമായതായി ഫെഡറല്‍ അതോറിറ്റി ഡയരക്ടര്‍മാരുടെ യോഗത്തിനുശേഷം ഐ.സി.എ അറിയിച്ചു.
പ്രതിഭാധനര്‍ക്ക് പത്ത് വര്‍ഷത്തെ വിസ അനുവദിക്കാനുള്ള തീരുമാനം കാബിനറ്റ് കഴിഞ്ഞ മേയിലാണ് അംഗീകരിച്ചത്. യൂനിവേഴ്‌സിറ്റി പഠനം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ക്ക് രണ്ടു വര്‍ഷത്തേക്ക് താമസ വിസ നീട്ടി നല്‍കുന്നതടക്കമുള്ള താമസ വിസയിലെ പരിഷ്‌കാരങ്ങള്‍ ജൂണിലും അംഗീകരിച്ചു.
കാബിനറ്റ് തീരുമാനങ്ങള്‍ നിശ്ചിത സമയത്തിനകം നടപ്പിലാക്കുന്നതിനുള്ള പദ്ധതികള്‍ക്കും രീതികള്‍ക്കും ഐ.സി.എ ബോര്‍ഡു അംഗീകാരം നല്‍കി.
നയപരമായ എല്ലാ തീരുമാനങ്ങളിലും മാനുഷിക വശങ്ങള്‍ക്ക് മുഖ്യ പരിഗണന നല്‍കുന്ന സര്‍ക്കാരിനെ ബോര്‍ഡ് ഡയരക്ടര്‍മാരുടെ യോഗം പ്രകീര്‍ത്തിച്ചു. അനധികൃത താമസക്കാര്‍ക്ക് രേഖകള്‍ ശരിയാക്കാനും നിയമനടപടികളില്ലാതെ രാജ്യം വിടാനും അനുവദിച്ച പൊതുമാപ്പും യുദ്ധത്തിന്റേയും പ്രകൃതിദുരന്തങ്ങളുടേയും കെടുതികള്‍ അനുഭവിക്കുന്ന രാജ്യങ്ങളിലുള്ളവര്‍ക്ക് ഒരു വര്‍ഷത്തേക്ക് വിസ അനുവദിച്ചതും ബോര്‍ഡ് എടുത്തു പറഞ്ഞു.

Latest News