ന്യൂദല്‍ഹി- ലോക്‌സഭയില്‍ കേന്ദ്ര സര്‍ക്കാരിനെതിരേ കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടതിന് പിന്നാലെ നരേന്ദ്ര മോഡിക്കെതിരേ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ത്തി ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു ദല്‍ഹിയില്‍. പാര്‍ലമെന്റില്‍ നടന്ന അവിശ്വാസ പ്രമേയ ചര്‍ച്ചയും വോട്ടെടുപ്പും ഭൂരിപക്ഷവും ധാര്‍മികതയും തമ്മിലുള്ള പോരാട്ടമായിരുന്നെന്ന് നായിഡു പത്രസമ്മേളനത്തില്‍ പറഞ്ഞു. ടി.ഡി.പി കേന്ദ്ര സര്‍ക്കാരുമായി തുറന്ന പോരാട്ടത്തിന് തയാറാണ്. ഓരോ ദിവസവും കേസുകളുമായി കോടതി കയറിയിറങ്ങുന്ന വൈ.എസ്.ആര്‍ കോണ്‍ഗ്രസുമായി തന്നെ ഉപമിച്ച മോഡി തന്നെ അപമാനിക്കുകയാണ് ചെയ്തതെന്നും നായിഡു പറഞ്ഞു. താന്‍ ഒരു മുതിര്‍ന്ന രാഷ്ട്രീയ നേതാവാണ്. മോഡിയേക്കാള്‍ മുമ്പ് ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ആയ വ്യക്തിയാണ്. തന്നെ മറ്റുള്ളവരുമായി താരതമ്യം ചെയ്യുമ്പോള്‍ കുറഞ്ഞ പക്ഷം മോഡി തന്റെ പ്രാധാന്യം എങ്കിലും മനസ്സിലാക്കണമായിരുന്നുവെന്നും നായിഡു പറഞ്ഞു. അടുത്ത തെരഞ്ഞെടുപ്പില്‍ ടി.ഡി.പി ദേശീയ തലത്തില്‍ വലിയ മുന്നേറ്റമുണ്ടാക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
നരേന്ദ്ര മോഡി അധികാരത്തില്‍ വന്നപ്പോള്‍ ആന്ധ്രപ്രദേശിന് നല്‍കിയ വാഗ്ദാനങ്ങളെല്ലാം തന്നെ ലംഘിച്ചു. വിഭജനത്തോടെ ആന്ധ്രാ പ്രദേശിന് വലിയ നഷ്ടമാണുണ്ടായത്. അതോടെയാണ് സംസ്ഥാനത്തിന് മുന്നോട്ടു പോകാന്‍ ഒരു ദേശീയ പാര്‍ട്ടിയുടെ പിന്തുണയോ സഖ്യമോ വേണമെന്നു തീരുമാനിച്ചത്. വിഭജന നിയമത്തിലെ എല്ലാ വ്യവസ്ഥകളും പാലിക്കുമെന്നായിരുന്നു ബി.ജെ.പി നല്‍കിയ വാഗ്ദാനം. ആന്ധ്രയ്ക്കു പ്രത്യേക സംസ്ഥാന പദവിയും ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍, കഴിഞ്ഞ നാലു വര്‍ഷത്തിനുള്ളില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് 29 തവണയാണ് പ്രധാനമന്ത്രിയെ കാണുന്നതിനായി ദല്‍ഹിയില്‍ വന്നത്. എന്നാല്‍ എല്ലാ അഭ്യര്‍ഥനകളും നിരാകരിക്കുകയായിരുന്നു.
പതിനാലാമത് ധനകാര്യ കമ്മീഷന്‍ ശുപാര്‍ശ അനുസരിച്ച് ആന്ധ്രയ്ക്കു പ്രത്യേക സംസ്ഥാന പദവി നല്‍കാനാവില്ലെന്ന് പറഞ്ഞ് മോഡി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിക്കുന്നത്. എന്നാല്‍ പ്രത്യേക സംസ്ഥാന പദവി എന്നത് ആന്ധ്രയുടെ അവകാശമാണെന്നും വഞ്ചന അംഗീകരിക്കില്ലെന്നും നായിഡു പറഞ്ഞു.
വിഭജനത്തിന്റെ പേരില്‍ കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തുന്ന നരേന്ദ്ര മോഡി എന്തുകൊണ്ട് ബി.ജെ.പി നല്‍കിയ വാഗ്ദാനങ്ങളില്‍നിന്ന് ഒളിച്ചോടുന്നു. ആദ്യം പ്രത്യേക സംസ്ഥാന പദവി തരാമെന്നു പറഞ്ഞ പ്രധാനമന്ത്രി ഇപ്പോള്‍ പറയുന്നത് പ്രത്യേക പാക്കേജ് നല്‍കാമെന്നാണ്. ഇതില്‍ ഒന്നു പോലും നടപ്പായില്ല എന്നതാണ് യാഥാര്‍ഥ്യം. പ്രധാനമന്ത്രി ആന്ധ്രയിലെ ജനങ്ങളുടെ വേദന മനസ്സിലാക്കാതെ അവരെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും നായിഡു കുറ്റപ്പെടുത്തി.