മുംബൈ- മുംബൈയിലെ ബാന്ദ്ര ടെർമിനസ് സ്റ്റേഷനിൽ ഹിന്ദു പെൺകുട്ടിയെ കാണുകയും സംസാരിക്കുകയും ചെയ്തുവെന്ന് ആരോപിച്ച് മുസ്ലീം യുവാവിനെ സദാചാര പോലീസ് ചമഞ്ഞ ആൾക്കൂട്ടം മർദിച്ചു. സംഭവത്തിന്റെ വീഡിയോകൾ വൈറലായതിനെ തുടർന്ന് കർശന നടപടി ആവശ്യപ്പെട്ട് സമാജ്‌വാദി പാർട്ടി (എസ്‌പി) എംഎൽഎ റായ്‌സ് ഷെയ്‌ഖും ഓൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ (എഐഎംഐഎം) ദേശീയ വക്താവ് വാരിസ് പത്താനും രംഗത്തുവന്നു.
ഫുൾകൈയോടുകൂടിയ ചുവന്ന ടീ ഷർട്ടും ചാരനിറത്തിലുള്ള ട്രൗസറും ധരിച്ച അജ്ഞാതനെ അധിക്ഷേപിക്കുന്നതും, തല്ലുന്നതുമാണ് വീഡിയോ. വെറുതെ വിടാൻ ആൾക്കൂട്ടത്തോട് പെൺകുട്ടി ആവശ്യപ്പെടുന്നതും വീഡിയോയിലുണ്ട്. ജയ് ശ്രീറാം വിളികളോടെയാണ് യുവാവിനെ ബാന്ദ്ര ടെർമിനസിൽ നിന്ന് വലിച്ചിഴച്ചത്.
പെൺകുട്ടിക്ക് 16 വയസ്സ് മാത്രമേയുള്ളൂവെന്ന് വീഡിയോയിലുള്ളവർ അവകാശപ്പെടുമ്പോൾ, മറ്റ് ചിലർ രാജസ്ഥാനിൽ നിന്ന് ഒളിച്ചോടി പെൺകുട്ടിയാണെന്നും സോഷ്യൽ മീഡിയയിൽ വാദിക്കുന്നു.നിരായുധനായ മുസ്ലീം യുവാവിനെ ബാന്ദ്ര സ്റ്റേഷനിൽ വെച്ച് സംഘ്പരിവാർ ഗുണ്ടകൾ ലൗ ജിഹാദിന്റെ പേരിൽ നിഷ്കരുണം മർദ്ദിച്ചുവെന്നും സ്വാതന്ത്ര്യത്തിന്റെ 77 ാം വർഷികം ആഘോഷിക്കുമ്പോഴാണ് ഈ സംഭവമെന്നും വാരിസ് പത്താൻ പറഞ്ഞു.