Sorry, you need to enable JavaScript to visit this website.

ട്രെയിനിൽ നാലു പേരെ വെടിവെച്ചുകൊന്ന സൈനികൻ നേരത്തെയും വിദ്വേഷ പ്രവൃത്തികൾ നടത്തി, മുസ്ലിം യുവാവിനെ മർദ്ദിച്ചു

ന്യൂദൽഹി- ജയ്പൂർ-മുംബൈ സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസിൽ ജൂലൈ 31 ന്  മുതിർന്ന സഹപ്രവർത്തകനെയും മൂന്ന് മുസ്ലിം യാത്രക്കാരെയും വെടിവെച്ച് കൊന്ന റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് കോൺസ്റ്റബിൾ ചേതൻസിംഗ് ചൗധരിയെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. മുംബൈ സെൻട്രലിലെ ആർ.പി.എഫ് സീനിയർ ഡിവിഷണൽ സെക്യൂരിറ്റി കമ്മീഷണറാണ് ചൗധരിയെ പിരിച്ചുവിടാനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.

ആർ.പി.എഫ് എ.എസ്.ഐ ടിക്കാറാം മീണയെയും യാത്രക്കാരായ അബ്ദുൾ കാദർ മുഹമ്മദ് ഹുസൈൻ ഭാൻപുരവാല സയ്യിദ് സെയ്ഫുദ്ദീൻ, അസ്ഗർ അബ്ബാസ് ഷെയ്ഖ് എന്നിവരെയും വെടിവെച്ച് കൊന്നതിന് അറസ്റ്റിലായ ചൗധരി നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ചൗധരി നേരത്തെയും മുസ്ലിംകൾക്ക് എതിരെ ആക്രമണം നടത്തിയിട്ടുണ്ടെന്ന വിവരവും പുറത്തുവന്നു. മൂന്നു തവണയാണ് ഇയാൾ ഇത്തരത്തിൽ വിദ്വേഷ പ്രവൃത്തികൾ നടത്തിയത്. മൂന്ന് സംഭവങ്ങളിലെയും അന്വേഷണങ്ങളെ തുടർന്ന് വകുപ്പുതല നടപടി നേരിടേണ്ടി വന്നതായി വൃത്തങ്ങൾ അറിയിച്ചു. 2017ൽ ഉജ്ജയിനിൽ ആർപിഎഫ് ഡോഗ് സ്‌ക്വാഡിനൊപ്പം ചൗധരിയെ നിയമിച്ചപ്പോഴാണ് ഇയാൾക്ക് എതിരെ ആദ്യത്തെ സംഭവമുണ്ടായത്. 
''2017 ഫെബ്രുവരി 18 ന്, സിവിൽ വേഷം ധരിച്ച് ഡ്യൂട്ടിക്ക് പോകുന്നതിനിടെ വാഹിദ് ഖാൻ എന്ന വ്യക്തിയെ പോസ്റ്റിലേക്ക് കൊണ്ടുവന്ന് ഒരു കാരണവുമില്ലാതെ മർദിക്കുകയും ഉപദ്രവിക്കുകയും ചെയ്തു. അന്വേഷണത്തിന് ഒടുവിൽ ഇയാൾക്കെതിരെ നടപടി സ്വീകരിച്ചു. 
2011-ൽ നടന്ന മറ്റൊരു സംഭവത്തിൽ, ഹരിയാനയിലെ ജഗധ്രിയിൽ ജോലിയെടുക്കുമ്പോൾ സഹപ്രവർത്തകന്റെ എടിഎം കാർഡ് ഉപയോഗിച്ച് ചൗധരി 25,000 രൂപ പിൻവലിക്കുകയും ചെയ്തു. 
ഗുജറാത്തിലെ ഭാവ്നഗറിൽ സഹപ്രവർത്തകനെ മർദ്ദിച്ച സംഭവത്തിലും ഇയാൾക്കെതിരെ കേസുണ്ടായിരുന്നു. ബുർഖ ധരിച്ച ഒരു സ്ത്രീ യാത്രക്കാരിയെ ചൗധരി ഭീഷണിപ്പെടുത്തുകയും തോക്ക് ചൂണ്ടി 'ജയ് മാതാ ജി' എന്ന് പറയാൻ നിർബന്ധിക്കുകയും ചെയ്തതായും ചൗധരി അന്വേഷക സംഘത്തോടെ വെളിപ്പെടുത്തി. കേസ് അന്വേഷിക്കുന്ന ഗവൺമെന്റ് റെയിൽവേ പോലീസ് (ജിആർപി), യുവതിയെ തിരിച്ചറിയുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. സ്ത്രീയെ കേസിൽ  ഒരു പ്രധാന സാക്ഷിയാക്കുകയും ചെയ്തു.
 

Latest News