Sorry, you need to enable JavaScript to visit this website.

പൊതുമരാമത്ത് വകുപ്പിനെതിരെ കെ.ബി ഗണേഷ് കുമാർ

20 കൊല്ലം മുൻപ് മന്ത്രിയായ ആളാണ്, ആ മര്യാദയൊക്കെ കാണിക്കണം

കൊല്ലം- മന്ത്രിസ്ഥാനം വിളിപ്പാടകലെ നിൽക്കെ, മുഖ്യമന്ത്രിയുടെ മരുമകൻ മന്ത്രി മുഹമ്മദ് റിയാസിന്റെ
പൊതുമരാമത്ത് വകുപ്പിനെതിരെ കെ.ബി ഗണേഷ് കുമാർ എം.എൽ.എ രംഗത്ത്. താൻ അഞ്ചു പ്രാവശ്യം എം.എൽ.എയായ ആളാണെന്ന പരിഗണനയെങ്കിലും പൊതുമരാമത്ത് വകുപ്പ് നൽകണമെന്ന് ഗണേഷ് കുമാർ ആവശ്യപ്പെട്ടു. റോഡ് ഉദ്ഘാടന ചടങ്ങിന്റെ ബാനറിൽ മന്ത്രി മുഹമ്മദ് റിയാസിനൊപ്പം, ഫണ്ട് അനുവദിച്ച മുൻ മന്ത്രി ജി സുധാകരന്റെ ചിത്രം ഉൾപ്പെടുത്താതിരുന്ന സംഘാടകരെയും ഗണേഷ് കുമാർ വിമർശിച്ചു. ഈസ്റ്റ് - കോക്കുളത്ത് ഏല - പട്ടമല റോഡിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു ഗണേഷ് കുമാർ.പത്തനാപുരത്തെ റോഡുകൾക്ക് വേണ്ടവിധത്തിൽ പരിഗണന നൽകുന്നില്ലെന്ന പരാതി തനിക്കുണ്ട്. ഇക്കാര്യം മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്. പത്തനാപുരം ബ്ലോക്കിൽ ഈ വർഷം നൂറു മീറ്റർ റോഡ് പോലും കിട്ടിയിട്ടില്ല. തന്നെപ്പോലെ സീനിയർ എം.എൽ.എയെ പരിഗണിക്കാത്തത് ശരിയല്ലെന്ന് ഗണേഷ് കുമാർ പറഞ്ഞു.'നിയമസഭയിലേക്ക് അഞ്ചുതവണ ജയിച്ചുവന്ന അപൂർവം ചില ആളുകളേ ഉള്ളൂ. ഉമ്മൻ ചാണ്ടി മരിച്ചതിനു ശേഷം താൻ, വി.ഡി സതീശൻ, റോഷി അഗസ്റ്റിൻ, കോവൂർ കുഞ്ഞുമോൻ എന്നീ നാലുപേർ മാത്രമാണ് തുടർച്ചയായ അഞ്ചുവർഷം ജയിച്ചു നിയമസഭയിൽ എത്തിയത്. അങ്ങനെയുള്ള ആളുകളെ മാനിക്കണം'- അദ്ദേഹം പറഞ്ഞു.
സിനിമാ നടൻ ആണെന്നതൊക്കെ നിൽക്കട്ടെ, സീനിയേറിറ്റിയൊക്കെയുണ്ട്. 20 കൊല്ലം മുൻപ് മന്ത്രിയായ ആളാണ് ഗണേശ്. ആ മര്യാദയൊക്കെ കാണിക്കണം. വേണ്ടവിധത്തിൽ റോഡുകൾ തരുന്നില്ല. പക്ഷേ, ജി സുധാകരൻ തന്നിരുന്നു. അദ്ദേഹത്തോട് നന്ദിയുണ്ട്. ഇപ്പോഴത്തെ വിദ്യാഭ്യാസ മന്ത്രി കെട്ടിടങ്ങൾ തരുന്നുണ്ട്. മുൻ വിദ്യാഭ്യാസമന്ത്രി രവീന്ദ്രൻ മാഷിനെയും പ്രത്യേകം ഓർക്കുന്നു. അദ്ദേഹം ഒരുപാട് സ്‌കൂളുകൾക്ക് കെട്ടിടം നൽകി. വലിയൊരു ഉണർവ് അന്ന് വിദ്യാഭ്യാസ മേഖലയ്ക്ക് ഉണ്ടായെന്നും ഗണേഷ് കുമാർ ഓർമ്മിച്ചു.
 

Latest News