നുഹ്(ഹരിയാന)- ഹരിയാന കലാപത്തിലെ മുഖ്യപ്രതി തന്നിൽനിന്നും പോലീസ് കണ്ടുകെട്ടിയ ആയുധങ്ങൾ പോലീസിൽനിന്ന് തട്ടിയെടുത്തു. ആയുധങ്ങൾ കൊണ്ടുപോകുന്നതിനെതിരെ കർശനമായ ഉത്തരവുണ്ടായിട്ടും ഹരിയാന അക്രമത്തിലെ മുഖ്യപ്രതിയായ ബിട്ടു ബജ്റംഗിയും മറ്റ് ഇരുപതോളം പേരും വാളുകളും ത്രിശൂലങ്ങളും വീശുകയായിരുന്നു. ഈ ആയുധങ്ങൾ പോലീസ് പിടിച്ചെടുത്തെങ്കിലും അവ പോലീസിൽനിന്ന് തട്ടിയെടുക്കാനും പ്രതിക്കും സംഘത്തിനും സാധിച്ചു. പശു സംരക്ഷകൻ എന്ന പേരിൽ അറിയപ്പെടുന്ന ബജ്‌റംഗിക്കും കൂട്ടാളികൾക്കുമെതിരെ നുഹ് അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് നൽകിയ പ്രഥമ വിവര റിപ്പോർട്ടിൽ നിന്നാണ് ഈ ഞെട്ടിക്കുന്ന വസ്തുത പുറത്തുവന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ അറസ്റ്റ് ചെയ്ത ബജ്റംഗിയെ പോലീസ് കസ്റ്റഡിയിൽ വിട്ടു.
ജൂലൈ 31ന് വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച ജല അഭിഷേക് യാത്രയ്ക്കിടെ നുഹിൽ അക്രമം നടന്ന ദിവസം അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് ഉഷാ കുണ്ഡു പോലീസിന്റെ സുരക്ഷാ നടപടികളുടെ ഭാഗമായി കാറുകൾ പരിശോധിച്ചിരുന്നു. ഉച്ചക്ക് പന്ത്രണ്ടരയോടെ നുഹിലെ നൽഹർ ശിവക്ഷേത്രത്തിൽ നിന്ന് 300 മീറ്റർ അകലെയാണ് ബജ്റംഗിയും ഇരുപതോളം പേരും ത്രിശൂലങ്ങളും വാളുകളുമായി ക്ഷേത്രത്തിലേക്ക് പോകുന്നത് കണ്ടതെന്ന് എഫ്.ഐ.ആറിൽ പറയുന്നു.
താനും തന്റെ സഹപ്രവർത്തകരും ഇവരിൽനിന്ന് ആയുധങ്ങൾ എടുക്കാൻ ശ്രമിച്ചപ്പോൾ അവർ പോലീസിനെതിരെ മുദ്രാവാക്യം വിളിക്കാൻ തുടങ്ങി. കൂടാതെ ചില ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യുകയും ചെയ്തുവെന്ന് ഉഷാ കുണ്ഡു പറഞ്ഞു.
'ഞങ്ങൾ അവരുടെ കയ്യിൽ നിന്ന് ആയുധങ്ങൾ പിടികൂടി പോലീസ് വാനിൽ സൂക്ഷിച്ചു. ബിട്ടു ബജ്റംഗിയും കൂട്ടാളികളും എന്റെ ഔദ്യോഗിക വാഹനത്തിന് മുന്നിൽ ഇരുന്നു പോലീസിനെതിരെ മുദ്രാവാക്യം വിളിക്കാൻ തുടങ്ങി. കുറച്ച് സമയത്തിന് ശേഷം ബിട്ടു ബജ്റംഗിയും സഹായികളും വാളുകളും ത്രിശൂലവും തട്ടിയെടുത്തു. വാഹനത്തിന്റെ പിൻവശത്തെ ജനൽ തുറന്ന് ആയുധങ്ങൾ കവരുകയായിരുന്നു. ബജ്റംഗിയും കൂട്ടാളികളും നിയമവിരുദ്ധമായി ആയുധങ്ങൾ കൈവശം വെക്കുകയും പോലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും പോലീസിനെ ഭീഷണിപ്പെടുത്തുകയും ആയുധങ്ങൾ തട്ടിയെടുക്കുകയും ചെയ്തുവെന്ന് കുണ്ടു പറഞ്ഞു.
മാരകായുധങ്ങളുമായി കലാപമുണ്ടാക്കൽ, നിയമവിരുദ്ധമായി സംഘം ചേരൽ, പൊതുപ്രവർത്തകരെ അവരുടെ ഡ്യൂട്ടിയിൽ നിന്ന് പിന്തിരിപ്പിക്കാൻ സ്വമേധയാ മുറിവേൽപ്പിക്കൽ, പൊതുപ്രവർത്തകരെ പിന്തിരിപ്പിക്കാൻ ആക്രമണം അല്ലെങ്കിൽ ക്രിമിനൽ ബലപ്രയോഗം, ഡ്യൂട്ടി നിർവഹിക്കുന്നതിൽ നിന്ന് ഒരു പൊതുപ്രവർത്തകനെ തടസ്സപ്പെടുത്തൽ തുടങ്ങിയ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകൾ പ്രകാരമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
രാജസ്ഥാനിലെ രണ്ട് കൊലപാതകങ്ങളിൽ പ്രതിയായ ബജ്റംഗദൾ നേതാവ് മോനു മനേസറിന്റെ സഹായിയായാണ് ബജ്രംഗി അറിയപ്പെടുന്നത്, ഇയാൾ നുഹ് അക്രമണക്കേസിൽ നിരീക്ഷണത്തിലായിരുന്നു.