ന്യൂദല്‍ഹി - ദല്‍ഹിയിലെ മുഴുവന്‍ ലോകസഭാ സീറ്റിലും മത്സരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചതായുള്ള പ്രസ്താവനയുടെ പേരില്‍ പ്രതിപക്ഷ സഖ്യത്തില്‍ വിള്ളല്‍. കോണ്‍ഗ്രസിന്റെ തീരുമാനത്തിനെതിരെ ആംആദ്മി പാര്‍ട്ടി രംഗത്ത് വന്നു. കോണ്‍ഗ്രസ് നേതാവ് അല്‍ക്ക ലാംബയാണ് ലോകസഭാ തെരഞ്ഞെടുപ്പില്‍ ദല്‍ഹിയിലെ മുഴുവന്‍ സീറ്റുകളിലും കോണ്‍ഗ്രസ് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത്. ഇതിനോട് രൂക്ഷമായ ഭാഷയിലാണ് ആംആദ്മി പാര്‍ട്ടി പ്രതികരിച്ചത്. കോണ്‍ഗ്രസ് ഇക്കാര്യം തീരുമാനിച്ചെങ്കില്‍ പിന്നെ എന്തിനാണ് പ്രതിപക്ഷ സഖ്യമെന്ന് എ എ പി നേതാക്കള്‍ ചോദിച്ചു. ദല്‍ഹിയില്‍ ഒന്നിച്ച് നില്‍ക്കാന്‍ താല്‍പ്പര്യമില്ലെങ്കില്‍ ' ഇന്ത്യ ' മുന്നണിയുണ്ടാക്കുന്നതില്‍ കാര്യമില്ലെന്ന് എ എ പി വക്താവ് പ്രിയങ്ക കക്കാര്‍ പറഞ്ഞു. വെറുതെ സമയം പാഴാക്കുന്നതാവും മുന്നണി രൂപികരണമെന്നും കക്കാര്‍ പറയുന്നു. അടുത്ത ' ഇന്ത്യ ' മുന്നണി യോഗത്തില്‍ പങ്കെടുക്കണമോയെന്നതിനെക്കുറിച്ച് പാര്‍ട്ടി ഉന്നത നേതൃത്വം തീരുമാനമെടുക്കുമെന്നും പ്രിയങ്ക കക്കാര്‍ പറഞ്ഞു. അതേസമയം, അല്‍ക്ക ലാംബയെ തള്ളി എ ഐ സി സി വക്താവ് ദീപക് ബാബരിയ രംഗത്തെത്തി. മുഴുവന്‍ സീറ്റുകളിലുംമത്സരിക്കുന്നതിനെ കുറിച്ച് ചര്‍ച്ച നടന്നില്ലെന്ന് ദീപക് ബാബരിയ പറഞ്ഞു. ഇത്തരം പ്രധാനപ്പെട്ട കാര്യങ്ങളില്‍ പ്രതികരിക്കാന്‍ അല്‍ക്കലാംബക്ക് അധികാരമില്ലെന്നും ദീപക് ബാബരിയ വിമര്‍ശിച്ചു. ദില്ലിയിലെ ഏഴ് സീറ്റുകളിലും മത്സരിക്കാന്‍ നേതൃത്വം നിര്‍ദേശിച്ചെന്ന് അല്‍ക്ക പറഞ്ഞത് വിവാദമായ സാഹചര്യത്തിലാണ് ദീപക് ബാബരിയയുടെ പ്രതികരണം.