തിരുവനന്തപുരം: - മദ്യപിച്ച് വാഹനമോടിക്കുന്ന ഡ്രൈവര്‍മാരെക്കൊണ്ട് ഇംപോസിഷന്‍ മാത്രം എഴുതിക്കുന്നതില്‍ കാര്യമില്ലെന്ന് മനുഷ്യാവകാശ കമ്മീഷന് വിലയിരുത്തല്‍. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഇവരില്‍ അവബോധം വളര്‍ത്തുന്നതിന് ആവശ്യമായ ബോധവല്‍ക്കരണ ക്ലാസുകളാണ് പരിഷ്കൃത സമൂഹത്തിന് ആവശ്യമെന്നും കമ്മീഷന് അംഗം വി കെ ബീനാ കുമാരി പറഞ്ഞു. മദ്യപിച്ച് വാഹനമോടിച്ചതിന് പിടികൂടിയ ഡ്രൈവര്‍മാരെ ഹില്‍പാലസ് പൊലീസ് സ്റ്റേഷനില്‍ കഴിഞ്ഞ ദിവസം ഇംപോസിഷന്‍ എഴുതിച്ച സംഭവം വാര്‍ത്തയായിരുന്നു. ഈ വിഷയത്തിലാണ് കമ്മീഷന്റെ പ്രതികരണം. വാഹനാപകടങ്ങള്‍ ഒഴിവാക്കുന്നതിന് വാഹന പരിശോധന അത്യാവശ്യമാണെന്ന് കൊച്ചി സിറ്റി പൊലീസ് ഇന്‍സ്പെക്ടര്‍ ജനറല്‍ ആന്‍ഡ് കമ്മീഷണര്‍ക്ക് നല്കിയ ഉത്തരവില്‍ കമ്മീഷന് ചൂണ്ടിക്കാട്ടിയിരുന്നു. ഈ ഉത്തരവിലാണ് ഇംപോസിഷന്റെ കാര്യം സൂചിപ്പിക്കുന്നത്. വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.