Sorry, you need to enable JavaScript to visit this website.

സച്ചിൻ പൈലറ്റിന് പിന്തുണയുമായി അശോക് ഗെലോട്ട്, കള്ളം പറഞ്ഞ് ബി.ജെ.പി

ന്യൂദൽഹി- മിസോറാമിൽ ഇന്ത്യൻ പൗരൻമാർക്ക് നേരെ കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റിന്റെ പിതാവ് രാജേഷ് പൈലറ്റ് ബോംബ് വർഷം നടത്തിയെന്ന ബി.ജെ.പിയുടെ ആരോപണത്തിൽ സച്ചിന് പിന്തുണയുമായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. 1966 മാർച്ചിൽ മിസോറാമിന്റെ തലസ്ഥാനമായ ഐസ്വാളിൽ സൈനികനായിരുന്ന രാജേഷ് പൈലറ്റും സുരേഷ് കൽമാഡിയും ഐ.എ.എഫ് ജെറ്റുകൾ പറത്തി ബോംബ് വർഷിച്ചു എന്നായിരുന്നു ബി.ജെ.പി സോഷ്യൽ മീഡിയ സെൽ മേധാവി അമിത് മാളവ്യ എക്സ് എന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ പറഞ്ഞത്. പിന്നീട് ഇരുവരും കോൺഗ്രസ് ടിക്കറ്റിൽ എം.പിമാരായി. സർക്കാരിൽ മന്ത്രിമാരായി. ഇന്ദിരാഗാന്ധി രാഷ്ട്രീയത്തിൽ ഇടം നൽകിയത് പ്രതിഫലമായിട്ടാണെന്നും വടക്കുകിഴക്കൻ പ്രദേശങ്ങളിൽ സ്വന്തം ആളുകൾക്ക് നേരെ വ്യോമാക്രമണം നടത്തിയവർക്ക് ആദരവ് നൽകിയെന്നും വ്യക്തമാണ് എന്നായിരുന്നു മാളവ്യയുടെ പോസ്റ്റ്. വ്യോമസേനയുടെ ത്യാഗങ്ങളെ ബിജെപി അപമാനിക്കുകയാണെന്ന് അശോക് ഗെലോട്ട് തിരിച്ചടിച്ചു. 

'കോൺഗ്രസ് നേതാവ് രാജേഷ് പൈലറ്റ് ഇന്ത്യൻ വ്യോമസേനയുടെ ധീരനായ പൈലറ്റായിരുന്നു. അവരെ അപമാനിക്കുന്നതിലൂടെ ബിജെപി ഇന്ത്യൻ വ്യോമസേനയുടെ ത്യാഗത്തെ അപമാനിക്കുകയാണ്. രാജ്യം മുഴുവൻ ഇതിനെ അപലപിക്കണമെന്ന് അശോക് ഗെലോട്ട് പറഞ്ഞു. 
അതേസമയം, തെറ്റായ വിവരങ്ങളാണ് ബി.ജെ.പി നൽകുന്നതെന്ന് സച്ചിൻ പൈലറ്റും പറഞ്ഞു. 

'നിങ്ങൾക്ക് തെറ്റായ തീയതികളുണ്ട്, തെറ്റായ വസ്തുതകളുണ്ട്. അതെ, ഒരു ഇന്ത്യൻ എയർഫോഴ്‌സ് പൈലറ്റ് എന്ന നിലയിൽ, എന്റെ പരേതനായ അച്ഛൻ ബോംബുകൾ വർഷിച്ചിട്ടുണ്ട്. പക്ഷേ അത് 1971 ലെ ഇന്ത്യ-പാക് യുദ്ധകാലത്ത് കിഴക്കൻ പാകിസ്ഥാനിലായിരുന്നു. നിങ്ങൾ അവകാശപ്പെടുന്നതുപോലെയല്ല. 1966 മാർച്ചിൽ മിസോറാമിൽ ബോംബ് വർഷിച്ചു എന്നത് ശുദ്ധ അസംബന്ധമാണ്. 1966 ഒക്ടോബർ 29-ന് മാത്രമാണ് അദ്ദേഹം IAFലേക്ക് കമ്മീഷൻ ചെയ്യപ്പെട്ടത്. ഇതിന്റെ സർട്ടിഫിക്കറ്റും സച്ചിൻ പൈലറ്റ് പോസ്റ്റിൽ അറ്റാച്ച് ചെയ്തു.
 

Latest News