Sorry, you need to enable JavaScript to visit this website.

കൽപറ്റയിൽ സഞ്ചാരികൾക്കായി ഡോർമിറ്ററി, ഫാമിലി റൂം സൗകര്യം ഒരുക്കുന്നു

കൽപറ്റ-കൽപറ്റ സർവീസ് സഹകരണ ബാങ്ക് സഞ്ചാരികൾക്കായി നഗരപരിധിയിലെ മണിയങ്കോടിൽ ഡോർമിറ്ററി, ഫാമിലി റൂം സൗകര്യം ഒരുക്കുന്നു. ബാങ്കിന്റെ അധീനതയിൽ മണിയങ്കോടുള്ള കെട്ടിടത്തിൽ ഒരേ സമയം 50 പേർക്ക് താമസിക്കാവുന്ന ഡോമിർമിറ്ററിയും നാല് ഫാമിലി റൂമുകളുമാണ് സജ്ജമാക്കുക. കോ ഓപ്പറേറ്റീവ് ലോഡ്ജർ എന്നു പേരിട്ട ഈ പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന്  മണിയങ്കോടിൽ ബാങ്കിന്റെ 102-ാം വാർഷികാഘോഷത്തിൽ സഹകരണ ക്ഷേമ ബോർഡ് വൈസ് ചെയർമാൻ സി.കെ.ശശീന്ദ്രൻ നിർവഹിക്കും. ഡോർമിറ്ററിയും ഫാമിലി റൂമുകളും കുറഞ്ഞ നിരക്കിൽ അടുത്ത മാസം മുതൽ സഞ്ചാരികൾക്ക് ലഭ്യമാക്കുമെന്ന് ബാങ്ക് വൈസ് പ്രസിഡന്റ് എ.ഗിരീഷ്, ഡയറക്ടർമാരായ പി.വി.അനിത, വി.എം.റഷീജ്, സെക്രട്ടറി എം.പി.സജോൺ എന്നിവർ പറഞ്ഞു.
വാർഷികാഘോഷത്തിൽ കോ ഓപ്പറേറ്റീവ് റെന്റൽസ്, കോ ഓപ്പറേറ്റീവ് ചിപ്‌സ്, ഏയ് ഓട്ടോ, വിദ്യാനിധി എന്നീ പദ്ധതികൾക്കും തുടക്കമിടും. കാർഷിക ഉപകരണങ്ങളും പണിയായുധങ്ങളും വാടകയ്ക്കു നൽകുന്നതാണ്  കോ ഓപ്പറേറ്റീവ് റെന്റൽസ്. മേത്തരം കായ വറുത്തത്ത് ഉത്പദിപ്പിച്ച് വിപണിയിൽ എത്തിക്കുന്നതാണ് ചിപ്‌സ് പദ്ധതി. അഡ്‌ലെയ്ഡിലെ  മഹിമ സ്വാശ്രയ സംഘാംഗങ്ങളാണ് യൂനിറ്റിൽ ചിപ്‌സ് തയാറാക്കുക. ടാക്‌സി-ഗുഡ്‌സ് ഓട്ടോകളുടെ വാർഷിക ഫിറ്റ്‌നെസ് പുതുക്കുന്നതിൽ ഉടമകളെ സഹായിക്കുന്നതിനു ആവിഷ്‌കരിച്ച വായ്പാ പദ്ധതിയാണ് ഏയ് ഓട്ടോ. 30,000 രൂപ വെരയാണ് വായ്പ അനുവദിക്കുക.
സ്‌കൂൾ വിദ്യാർഥികളുടെ നിക്ഷേപവും രക്ഷിതാക്കൾക്കുള്ള വായ്പയും ചേരുന്നതാണ് വിദ്യാനിധി പദ്ധതി. റെന്റൽസ്, ചിപ്‌സ് പദ്ധതികളുടെ ഉദ്ഘാടനം കേരള ബാങ്ക് ഡയറക്ടർ പി.ഗഗാറിൻ നിർവഹിക്കും.
ബാങ്ക് പ്രസിഡന്റായിരിക്കെ അന്തരിച്ച ടി.സുരേഷ് ചന്ദ്രന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ കലാസാംസ്‌കാരിക പുരസ്‌കാരം മരണാനന്തര ബഹുമതിയായി നാടകപ്രവർത്തകനായ ഗിരീഷ് കാരാടിക്ക് നൽകും. അദ്ദേഹത്തിന്റെ ഭാര്യ ബിന്ദു, മകൻ അഭിജിത്ത് എന്നിവർ പുരസ്‌കാരം ഏറ്റുവാങ്ങും. ആരോഗ്യരംഗത്ത് മികച്ച പ്രവർത്തനം കാഴ്ചവച്ച ജനറൽ ആശുപത്രിയിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ കെ.ഒ.ജോസിന് സെന്ററിനറി മെമ്മോറിയൽ പുരസ്‌കാരം നൽകും. നഗരസഭയിലെ വിദ്യാലയങ്ങളിലെ ബഹുമുഖ പ്രതിഭകൾക്കുള്ള ശതാബ്ദി പുരസ്‌കാരം കൽപറ്റ ജി.വി.എച്ച്.എസ്.എസിലെ അഹല്യ കൃഷ്ണ, നിഹാല യാസ്മിൻ എന്നിവക്ക് സമർപ്പിക്കും. പാഠ്യ-പാഠ്യേതര രംഗങ്ങളിൽ മികവ് പുലർത്തുന്ന കൽപറ്റ ജി.വി.എച്ച്.എച്ച്.എസിലെ കെ.എസ്.അഭിരാമിന് പ്രത്യേക പുരസ്‌കാരം നൽകും. ബാങ്ക് ജീവനക്കാർക്കുള്ള ഔട്ട്സ്റ്റാൻഡിംഗ് പെർമോൻസ് അവാർഡ് വിതരണവും ചടങ്ങിൽ നടത്തും.
 

Latest News