Sorry, you need to enable JavaScript to visit this website.

'രക്തം ചിന്തിയാലും വിയർപ്പ് ചിന്തില്ല എന്നതാണ് സി.പി.എം രീതി'; ആരോപണങ്ങൾക്ക് മറുപടിയുമായി മാത്യു കുഴൽനാടൻ എം.എൽ.എ

- തന്റെ ഏത് കണക്കും പരിശോധിക്കാം, വീണയുടെ ആദായനികുതി രേഖകൾ പുറത്തു വിടുമോ എന്നും എം.എൽ.എ

തിരുവനന്തപുരം - നികുതി വെട്ടിപ്പും കള്ളപ്പണം വെളുപ്പിച്ചെന്നുമുള്ള സി.പി.എം ആരോപണത്തിന് മറുപടിയുമായി മൂവാറ്റുപ്പുഴ എം.എൽ.എയും കോൺഗ്രസ് നേതാവുമായ അഡ്വ. മാത്യു കുഴൽനാടൻ. ആരോപണം ഗൂഢാലോചനയാണെന്നു പറഞ്ഞ് ഒളിച്ചോടില്ലെന്നും വിശദാംശങ്ങൾ പരിശോധിച്ച്  മറുപടി നൽകാമെന്നും ഇന്നലെ എം.എൽ.എ വ്യക്തമാക്കിയിരുന്നു. 
 വളരെ ഗുരുതരമായ ആരോപണമാണ് തനിക്കെതിരെ ഉയർന്നത്. കള്ളപ്പണം വെളിപ്പിക്കൽ രാജ്യദ്രോഹത്തോളം ഗൗരവമുള്ള കുറ്റമാണ്. ഇക്കാര്യത്തിൽ ഏത് അന്വേഷണം നേരിടാനും തയ്യാറാണ്. രണ്ട് ആരോപണമാണ് തനിക്കെതിരെ പ്രധാനമായും ഉയർന്നത്. ഇതിൽ ആദ്യ ആരോപണം തന്റെ സംഘടനയെക്കുറിച്ചാണെന്ന് പറഞ്ഞ അദ്ദേഹം ഓരോ വർഷത്തെയും നികുതി ഒടുക്കിയ തുക വിവരിച്ചു. 2 കോടി 18 ലക്ഷം രൂപയിൽ അധികം സ്ഥാപനത്തിന്റെതായി മാത്രം നികുതി അടച്ചിട്ടുണ്ട്. അത്രയും തുക നികുതി അടച്ചെങ്കിൽ എത്ര നാളത്തെ കഷ്ടപ്പാടാവും. തന്റെ സ്ഥാപനത്തിലേക്ക് വിദേശപണം വന്നിട്ടുണ്ട്. ബാങ്ക് ഇടപാടുകൾ വഴിയാണ് എല്ലാ പണവും വന്നിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
 തന്റെ കമ്പനിയുടെ എല്ലാ വിവരങ്ങളും പുറത്തുവിടാൻ തയ്യാറാണെന്ന് പറഞ്ഞ അദ്ദേഹം മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ നേതൃത്വലുള്ള എക്‌സാ ലോജിക്കിന്റെ 2016 മുതലുള്ള നികുതി വിവരങ്ങൾ പുറത്തുവിടാൻ തയ്യാറുണ്ടോയെന്നും വെല്ലുവിളിച്ചു. 
 തനിക്കെതിരെ ഏത് അന്വേഷണവും നടത്താം. സി.പി.എം ഒരു നേതാവിനെ നിയോഗിച്ച് പരിശോധിച്ചോളൂ. ഇതിനായി താൻ തോമസ് ഐസക്കിനെ നിർദ്ദേശിക്കുന്നു. വീണ വിജയൻ തയ്യാറല്ലെങ്കിലും തന്റെ സ്ഥാപനത്തിലേക്ക് പരിശോധനയ്ക്ക് വരാമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
 മൂന്നാറിൽ വാങ്ങിയ വസ്തുവിന് നികുതി വെട്ടിച്ചുവെന്നതാണ് രണ്ടാമത്തെ ആരോപണം. അതിന്റെ ആധാരം ഉൾപ്പടെ പരിശോധിക്കാം. സ്ഥാനാർത്ഥിയാവുന്നതിന് 9 മാസം മുമ്പാണ് സ്ഥലം വാങ്ങിയത്. ഫെയർ വാല്യു പരിശോധിക്കാം. 1,24,000 രൂപയാണ് സർക്കാർ നിശ്ചയിച്ച ഫെയർ വാല്യു. 57,46,680 ആണ് സർക്കാർ കണക്കുപ്രകാരം താൻ കാണിക്കേണ്ട ഫെയർ വാല്യു. എന്നാൽ ഒരു കോടിക്ക് മുകളിൽ കാണിച്ചിട്ടുണ്ട്. 6,01,600 രൂപ നികുതി അടച്ചിട്ടുണ്ടെന്നും മാത്യു കുഴൽനാടൻ വിശദീകരിച്ചു. 
 രാഷ്ട്രീയത്തിൽ സുതാര്യത അനിവാര്യമാണ്. ചോദ്യങ്ങൾ ഉന്നയിക്കാൻ എതിർ രാഷ്ട്രീയ ചേരിയിലുള്ളവർക്ക് അവകാശമുണ്ട്. ആരോപണം ഉന്നയിക്കാൻ ഒരു പ്രയാസവുമില്ല. ഒരു മൈക്കിന്റെ മുന്നിൽ ഇരുന്നാൽ മാത്രം മതി. എന്നാൽ അതിൽ വസ്തുതകളുണ്ടാവണം. നെറ്റിയിലെ വിയർപ്പിന്റെ വില അറിഞ്ഞ് ജീവിക്കണമെന്നതാണ് തന്റെ രീതി. അധ്വാനത്തിന്റെയും വിയർപ്പിന്റെയും വില കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കളിൽ പലർക്കും അറിയില്ല. രക്തം ചിന്തിയാലും വിയർപ്പ് ചിന്തില്ല എന്നതാണ് കമ്മ്യൂണിസ്റ്റുകാരുടെ ആശയമെന്നും അദ്ദേഹം വിമർശിച്ചു. 'വരുമാനത്തിന് തൊഴിൽ, രാഷ്ട്രീയം സേവനത്തിന്' എന്നതാണ് പണ്ടുമുതലേയുള്ള എന്റെ നയം. ഒരുപാട് അധ്വാനിച്ചും വേദനിച്ചുമാണ് ഇതുവരെ എത്തിയതെന്നും മാത്യു കുഴൽനാടൻ വ്യക്തമാക്കി.
 

Latest News