Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മോഡിയുടെ അൽപ്പത്തരം; നെഹ്റു സ്മാരകത്തിന്റെ പേര് മാറ്റിയതിനെതിരേ കോൺഗ്രസ്

ന്യൂദൽഹി- നെഹ്റു മെമ്മോറിയൽ മ്യൂസിയത്തിന്റെ പേര് മാറ്റിയതിൽ പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് എതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് ജയറാം രമേശ്. നെഹ്‌റുവിന്റെ പൈതൃകത്തെ അപകീർത്തിപ്പെടുത്താനും നിരാകരിക്കാനും വളച്ചൊടിക്കാനും തകർക്കാനുമാണ് മോഡിയുടെ ശ്രമമെന്നും നിരന്തരമായ ആക്രമണങ്ങൾക്കിടയിലും നെഹ്റുവിന്റെ പൈതൃകം ലോകത്തിനു മുന്നിൽ നിലനിൽക്കുമെന്നും വരുംതലമുറകൾക്ക് പ്രചോദനം നൽകുന്നത് തുടരുമെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്‌റാം രമേശ് വ്യക്തമാക്കി.

'ഏറെ മഹത്തായ ഒരു സ്ഥാപനം ഇന്ന് മുതൽ പുതിയ പേരിലാകും അറിയപ്പെടുക. ലോകപ്രശസ്തമായ നെഹ്റു മെമ്മോറിയൽ മ്യൂസിയം പ്രൈം മിനിസ്റ്റേഴ്സ് മെമ്മോറിയൽ മ്യൂസിയം ആന്റ് ലൈബ്രറി എന്നാക്കി മാറ്റിയിരിക്കുന്നു. മോഡിക്ക് ഭയവും അരക്ഷിതബോധവും ഏറെയാണ്. പ്രത്യേകിച്ച് ഏറ്റവും കൂടുതൽ കാലം ഇന്ത്യ ഭരിച്ച പ്രഥമ പ്രധാനമന്ത്രിയുടെ കാര്യത്തിൽ. നെഹ്റുവിനെയും അദ്ദേഹത്തിന്റെ പൈതൃകത്തെയും നിരാകരിക്കുക, അപകീർത്തിപ്പെടുത്തുക, വളച്ചൊടിക്കുക, തകർക്കുക എന്ന അജണ്ട മാത്രമാണ് പ്രധാനമന്ത്രിക്കുള്ളത്. മോഡിയുടെ അൽപ്പത്തരത്തിന്റെയും അസഹിഷ്ണുതയുടെയും പ്രതീകമാണത്. ഇന്ത്യൻ സ്വാതന്ത്ര്യസമര പോരാട്ടത്തിലും രാജ്യത്തിന്റെ ജനാധിപത്യ, മതേതര, ശാസ്ത്രീയ അടിത്തറ കെട്ടിപ്പൊക്കുന്നതിലും അദ്ദേഹം നൽകിയ സംഭാവനകളെ ഇല്ലാതാക്കാൻ മോഡിക്കാകില്ല-', ജയ്റാം രമേശ് എക്‌സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു.

മുൻ ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ സ്മരണയ്ക്കായി അദ്ദേഹത്തിന്റെ വസതിയായിരുന്ന തീൻമൂർത്തി ഭവനിൽ സ്ഥാപിച്ച നെഹ്റു മെമ്മോറിയൽ മ്യൂസിയം ആന്റ് ലൈബ്രറിയുടെ പേര് പ്രൈംമിനിസ്റ്റേഴ്സ് മ്യൂസിയം ആന്റ് സൊസൈറ്റി എന്നാക്കി ഓഗസ്റ്റ് 14-ന് ആണ് ഔദ്യോഗിക പ്രഖ്യാപനം വന്നത്.

Latest News