ന്യൂദൽഹി-ഹരിയാനയിലെ ന്യൂനപക്ഷങ്ങൾക്ക് സ്വാധീനമുളള നൂഹ് ജില്ലയിൽ വീണ്ടും ബുൾഡോസർ രാജ് നടപ്പാക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. നൂഹിൽ സർക്കാർ ഭൂമിയിലെ കൈയേറ്റങ്ങൾ കണ്ടെത്തുന്നതിനായി സർവേ നടത്താൻ തദ്ദേശസ്ഥാപനങ്ങൾക്കും വിവിധ വകുപ്പുകൾക്കും സർക്കാർ നിർദേശം നൽകി. കൈയേറ്റം കണ്ടെത്തിയാൽ നോട്ടീസ് നൽകി പൊതുപ്രഖ്യാപനവും നടത്തണം. തുടർന്ന് ബുൾഡോസർ ഉപയോഗിച്ച് അനധികൃത നിർമാണങ്ങൾ ഇടിച്ചുനിരത്തണം. ഇടിച്ചുനിരത്തൽ പുരോഗതി എല്ലാ മാസവും വിലയിരുത്തി തദ്ദേശസ്ഥാപനങ്ങളും വകുപ്പുകളും സർക്കാരിന് റിപ്പോർട്ട് കൈമാറണം. നൂഹ് ജില്ലയിൽ മാത്രമാണ് കൈയേറ്റം കണ്ടെത്തുന്നതിനുള്ള സർവേക്ക് നിർദേശം നൽകിയിരിക്കുന്നത്.
നൂഹിലെ കലാപത്തിനു പിന്നാലെ ഈ മാസം മൂന്നുമുതൽ ആറുവരെയായി ജില്ലയിൽ ബുൾഡോസറുകൾ ഉപയോഗിച്ച് ബി.ജെ.പി സർക്കാർ വ്യാപകമായ ഇടിച്ചുനിരത്തൽ നടത്തിയിരുന്നു. ഏഴിന് പഞ്ചാബ്–- ഹരിയാന ഹൈക്കോടതി ഇടപെട്ട് ഇടിച്ചുനിരത്തൽ തടഞ്ഞു. നോട്ടീസുപോലും അയക്കാതെയുള്ള ഏകപക്ഷീയ ഇടിച്ചുനിരത്തലിനെ ഹൈക്കോടതി രൂക്ഷമായി വിമർശിക്കുകയും ചെയ്‌തു.