ന്യൂദൽഹി- ജയ്പൂർ-മുംബൈ സെൻട്രൽ സൂപ്പർഫാസ്റ്റ് എക്‌സ്പ്രസിൽ ജൂലൈ 31 ന് നാല് പേരെ വെടിവെച്ചുകൊന്ന റെയിൽവേ പ്രൊട്ടക് ഷൻ ഫോഴ്‌സ് (ആർപിഎഫ്) കോൺസ്റ്റബിൾ ചേതൻസിംഗ് ചൗധരി (33) നേരത്തെ ബുർഖ ധരിച്ച യാത്രക്കാരിയെ ഭീഷണിപ്പെടുത്തി ജയ് മാതാ ദി വിളിക്കാൻ നിർബന്ധിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. തോക്ക് ചൂണ്ടിയാണ് മുസ്ലിം വനിതയെ ജയ് മാതാ ദി വിളിക്കാൻ നിർബന്ധിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.
കേസ് അന്വേഷിക്കുന്ന ഗവൺമെന്റ് റെയിൽവേ പോലീസ് (ജിആർപി) ബോറിവലി സ്വദേശിനിയായ യുവതിയെ തിരിച്ചറിയുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. കേസിൽ ഈ യുവതിയെ പ്രധാന സാക്ഷിയാക്കി. മുഴുവൻ എപ്പിസോഡും ട്രെയിനിലെ സിസിടിവി ക്യാമറകളിൽ പതിഞ്ഞതായും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
ജൂലൈ 31 ന് തന്റെ സീനിയർ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ടിക്കാറാം മീണയെയും യാത്രക്കാരായ അബ്ദുൾ കാദർ മുഹമ്മദ് ഹുസൈൻ ഭാൻപുരവാല, സയ്യിദ് സൈഫുദ്ദീൻ, അസ്ഗർ അബ്ബാസ് ഷെയ്ഖ് എന്നിവരെയും കൊലപ്പെടുത്തിയ ചൗധരി ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.