കൊൽക്കത്ത- ജാദവ്പൂർ സർവ്വകലാശാലയിൽ വിദ്യാർഥി ദുരൂഹ സാഹചര്യത്തിൽ മരിച്ചതുമായി ബന്ധപ്പെട്ട് മൂന്നു വിദ്യാർഥികളും ഒരു മുൻ വിദ്യാർഥിയുമടക്കം നാലു പേരെ കൂടി അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. കഴിഞ്ഞ് 10 നാണ് യൂണിവേഴ്സിറ്റിയിലെ പുതിയ വിദ്യാർത്ഥി കാമ്പസിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചത്.
മുഹമ്മദ് ആസിഫ്, മുഹമ്മദ് ആരിഫ്, അങ്കൺ സർദാർ, അസിത് സർദാർ എന്നിവരാണ് അറസ്റ്റിലായത്. അന്വേഷണ ഉദ്യോഗസ്ഥർ രാത്രി മുഴുവൻ ചോദ്യം ചെയ്ത ശേഷം പുലർച്ചെയാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. അസിത് സർദാർ ജെയുവിലെ മുൻ വിദ്യാർത്ഥിയും മറ്റ് മൂന്ന് പേർ സർവ്വകലാശാലയിലെ വിദ്യാർത്ഥികളുമാണ്. കോടതിയിൽ ഹാജരാക്കി ഇവരെ പോലീസ് കസ്റ്റഡിയിൽ ആവശ്യപ്പെടുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
നാല് പേർ കൂടി അറസ്റ്റിലായതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. സംഭവത്തിൽ ജെയുവിലെ ഒരു മുൻ വിദ്യാർത്ഥിയും നിലവിലെ രണ്ട് വിദ്യാർത്ഥികളും ഉൾപ്പെടെ മൂന്ന് പേരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ആഗസ്ത് 10 ന് രാവിലെ ജെയുവിലെ വിദ്യാർത്ഥികളുടെ ഹോസ്റ്റലിനു മുന്നിലാണ് പുതിയ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തിയത്. ഹോസ്റ്റലിലെ സീനിയേഴ്സിന്റെ മാനസിക പീഡനത്തിന് ഇരയായതായി റിപ്പോർട്ടുകളിൽ പറയുന്നു.